ആ വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു; ജസ്‌ലയോട് മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ

കൊച്ചി: ഒടുവിൽ ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയതിനു പിന്നാലെ സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ. തന്നെ വിമർശിച്ചതിന്റെ പേരിൽ ജസ്‌ല മാടശ്ശേരി എന്ന യുവതിയെ ഫേസ്ബുക്ക് ലൈവിലൂടെ വേശ്യയെന്ന് അധിക്ഷേപിച്ച സംഭവത്തിലാണ് ഫിറോസ് മാപ്പ് അപേക്ഷിച്ച് വീണ്ടും ലൈവിലെത്തിയത്. ആ വാക്ക് താൻ പറയാൻ പാടില്ലായിരുന്നെന്നും വിമർശനം നേരിട്ട വിഷമത്തിൽ പറഞ്ഞുപോയതാണെന്നും ഫിറോസ് കുറ്റസമ്മതം നടത്തി.

വേശ്യാ പരാമർശം പ്രത്യേക മാനസികാവസ്ഥയിൽ വന്നുപോയതാണ്. അത്തരമൊരു വാക്ക് താൻ ഉപയോഗിക്കാൻ പാടില്ലായിരുന്നെന്നും ഫിറോസ് പറഞ്ഞു. ആ സമയത്തെ ദേഷ്യത്തിൽ പറഞ്ഞുപോയതാണെങ്കിലും ആ വാക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ എന്നെ വിളിച്ചു. ദേഷ്യം അടങ്ങിയപ്പോൾ എനിക്കും തോന്നി ആ വാക്ക് പറയാൻ പാടില്ലായിരുന്നു എന്ന്. ആരെയാണെങ്കിലും നമുക്ക് വ്യക്തിപരമായി പറയാൻ അവകാശമില്ല. അതുകൊണ്ട് തന്നെ അങ്ങനെ നടത്തിയ പരാമർശത്തിൽ ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ആ വിഷമം തോന്നിയവരോട് മാപ്പ് പറയുകയാണ്. – ഫിറോസ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

‘ഇന്നലെ ഞാൻ നടത്തിയ വേശ്യാ പരാമർശം എല്ലാവരും കണ്ടതാണ്. ഇന്നലത്തെ എന്റെ മാനസികാവസ്ഥ വല്ലാത്തൊരു അവസ്ഥയാണ്. കാരണം ലേക്‌ഷോർ ഹോസ്പിറ്റലിൽ നമ്മൾ നോക്കുന്ന ഒരു പെൺകുട്ടിയുണ്ട്. ചെറിയ കുട്ടിയാണ്. മൂന്ന് വയസുള്ള കുട്ടിയാണ്. ലിവർ ട്രാൻസ്പ്ലാന്റേഷൻ ചെയ്ത കുട്ടി വീണ്ടും സീരിയസ് ആയിട്ട് അത് വെന്റിലേറ്ററിൽ ആണ്. കഴിഞ്ഞ രണ്ട് ദിവസമായിട്ട് ഞാൻ ആ ഭാഗങ്ങളിൽ കിടന്ന് ഓടി നടക്കുകയാണ്. അതിനിടയിലാണ് രാവിലെ പല ആളുകളും വിളിച്ചിട്ട് നിങ്ങൾക്ക് ഞങ്ങൾ പൈസ അയച്ചുതരുന്നില്ലേ, നിങ്ങൾ ഇങ്ങനെ രാഷ്ട്രീയം കളിക്കാൻ പറ്റുമോ എന്നുള്ള ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്നത്. അതിനിടെ എനിക്കെതിരെ അനാവശ്യമായി ഫേസ്ബുക്ക് പോസ്റ്റുകൾ വരുന്നു. ഇത്രയും മോശമായി ആളുകൾ എനിക്കെതിരെ പോസ്റ്റുകൾ ഇടുന്നു. ഞാനൊരു മനുഷ്യനല്ലേ ഞാനൊരു ദൈവമൊന്നുമല്ല. മജ്ജയും മാംസവും വികാരവും വിചാരവുമുള്ള മനുഷ്യനാണ്. നിങ്ങളെപ്പോലെ തന്നെയാണ് ഞാൻ. ഞാൻ ഒരു കാര്യം പറഞ്ഞപ്പോൾ ഒരു പരാമർശം നടത്തി എന്ന പേരിൽ നിങ്ങൾ എനിക്ക് നേരെ ഇത്തരത്തിൽ വന്നു.

നിങ്ങളെപ്പറയുമ്പോൾ എത്ര വിഷമം തോന്നുന്നോ അത്രയും വിഷമം എന്നെ പറയുമ്പോൾ എനിക്കും തോന്നലുണ്ട്. ഞാൻ കടിച്ചുപിടിച്ച് കുറേയൊക്കെ ക്ഷമിച്ചു. ക്ഷമിക്കാൻ കഴിയാതായപ്പോൾ നമ്മൾ അത് പറഞ്ഞുപോയതാണ്. ഒരുപാട് സുഹൃത്തുക്കൾ എന്നോട് വന്നു പറഞ്ഞു, ആ സമയത്തെ ദേഷ്യത്തിൽ പറഞ്ഞുപോയതാണെങ്കിലും ആ വാക്ക് പിൻവലിക്കണമെന്ന്. ആ ദേഷ്യം അടങ്ങിയപ്പോൾ എനിക്കും തോന്നി ആ വാക്ക് പറയാൻ പാടില്ലായിരുന്നു എന്ന്. കാരണം ആരെയാണെങ്കിലും നമുക്ക് വ്യക്തിപരമായി പറയാൻ അവകാശമില്ല. അതുകൊണ്ട് തന്നെ അങ്ങനെ നടത്തിയ പരാമർശത്തിൽ ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ആ വിഷമം തോന്നിയവരോട് മാപ്പ് പറയുകയാണ്. ഞാൻ അത് പറയാൻ പാടില്ലായിരുന്നു എന്ന് പറഞ്ഞ് നിരവധി പേർ വന്നു. അവരോട് എനിക്ക് പറയാനുള്ളത്, അത് ഞാൻ ആ അവസരത്തിൽ പറഞ്ഞുപോയതാണ്. ആ മാനസികാവസ്ഥയിൽ പറഞ്ഞതാണ്.’-ഫിറോസ് പറയുന്നു.

അതേസമയം, ഫിറോസ് കുന്നംപറമ്പിലിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് മുൻ കെഎസ്‌യു ജില്ലാ സെക്രട്ടറി കൂടിയായ ജസ്‌ല മാടശ്ശേരി. മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്കായി വോട്ട് തേടി ഫിറോസ് കുന്നംപറമ്പിൽ ഇറങ്ങിയതിനെ വിമർശിച്ച് ജസ്‌ല ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിനു പിന്നാലെ ഇവരെ പരോക്ഷമായി വേശ്യയെന്നും ശരീരം വിൽക്കുന്നവളെന്നും അധിക്ഷേപിച്ച് ഫിറോസ് രംഗത്തെത്തിയാണ് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയത്.

ഇതിനിടെ, ഫിറോസ് കുന്നംപറമ്പിലിനെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.ഫിറോസ് കുന്നംപറമ്പിലിനെതിരെ എത്രയും വേഗം പോലീസ് കർശന നടപടി സ്വീകരിക്കണമെന്നും ഒരു പെൺകുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവൻ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നതെന്നും ഇത് അനുവദിക്കാനാവില്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ പറഞ്ഞു.

Exit mobile version