കലിയടങ്ങി മാറിയ ഗജയ്ക്ക പിന്നാലെ ‘പെയ് തി’! വരുന്ന ചുഴലി അപകടകാരി, മത്സ്യബന്ധനം നിര്‍ത്തിവെച്ച് തൊഴിലാളികള്‍ ഉടന്‍ മടങ്ങണമെന്ന് അടിയന്തര മുന്നറിയിപ്പ്

ലക്ഷദ്വീപില്‍ കനത്ത മഴയും കാറ്റും അനുഭവപ്പെടും.

പത്തനംതിട്ട: തമിഴ്‌നാടിനെ വിറപ്പിച്ച് കലിതുള്ളി വീശിയ ഗജ അടങ്ങിയതിനു പിന്നാലെ അപകടകാരിയായ മറ്റൊരു ചുഴലിക്കാറ്റു കൂടി രൂപപ്പെടുന്നു. മത്സ്യബന്ധനം നിര്‍ത്തിവെച്ച് തൊഴിലാളികള്‍ ഉടന്‍ മടങ്ങിവരണമെന്ന് കാലാവസ്ഥാ കേന്ദ്രം അടിയന്തര മുന്നിറിയിപ്പ് നല്‍കുന്നു. അടുത്ത 10 മണിക്കൂറിനുള്ളില്‍ ഇത് ചുഴലിയുടെ രൂപമാര്‍ജിക്കുമെന്നാണ് ന്യൂഡല്‍ഹി കാലാവസ്ഥാ കേന്ദ്രത്തിലെ സൈക്ലോണ്‍ വാണിങ് സെന്റര്‍ നല്‍കുന്ന വിവരം. ഉടന്‍ നടപടി സ്വീകരിക്കണം.

ലക്ഷദ്വീപില്‍ കനത്ത മഴയും കാറ്റും അനുഭവപ്പെടും. ദ്വീപും കടന്ന് ചുഴലി പടിഞ്ഞാറേക്കു പോയി ഒമാന്‍ തീരത്ത് എത്താനാണ് സാധ്യത. പുതിയ ചുഴലിക്കാറ്റ് യാഥാര്‍ഥ്യമായാലുടന്‍ പേരും തയാറാണ്. തായ്ലന്‍ഡ് നിര്‍ദേശിച്ച പെയ് തി എന്ന പേരാവും പുതിയ ചുഴലിക്കു നല്‍കുക. മണിക്കൂറില്‍ 100 കിലോമീറ്ററിലധികം ശക്തമായ കാറ്റിനു സാധ്യതയുള്ളതായി ആര്‍എസ്എംസി ശാസ്ത്രജ്ഞ നീത കെ ഗോപാല്‍ വിശദീകരിച്ചു.

കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനം നിര്‍ത്തിവച്ച് ഉടന്‍ കരയിലേക്കു മടങ്ങാന്‍ മല്‍സ്യത്തൊഴിലാളികള്‍ക്കു നിര്‍ദേശം നല്‍കണമെന്ന് കേരളം, ലക്ഷദ്വീപ് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കുള്ള സന്ദേശത്തില്‍ കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു.

Exit mobile version