മുത്തലാഖ് ചൊല്ലി, രണ്ടാം വിവാഹത്തിനൊരുങ്ങി യുവാവ്: ഭര്‍തൃവീടിന് മുന്നില്‍ സമരം ചെയ്ത് യുവതിയും മക്കളും

കോഴിക്കോട്: മുത്തലാഖ് ചൊല്ലിയതില്‍ പ്രതിഷേധിച്ച് ഭര്‍തൃവീടിന് മുന്നില്‍ സമരം ചെയ്ത് യുവതിയും മക്കളും. കോഴിക്കോട് നാദാപുരത്താണ് സംഭവം. വാണിമേല്‍ ഉണ്ണിയോട്ട് കുനിയില്‍ ഫാത്തിമ ജുവൈരിയയും മക്കളുമാണ് ഭര്‍ത്താവ് സമീറിനെതിരെ സമരം ചെയ്യുന്നത്.

ആറു വര്‍ഷം മുമ്പായിരുന്നു ഫാത്തിമ ജുവൈരിയുടേയും സമീറിന്റെയും വിവാഹം നടന്നത്. ജുവൈരിയയെ ഒഴിവാക്കാന്‍ സമീര്‍ ശ്രമം തുടങ്ങിയതോടെ പ്രശ്‌ന പരിഹാരത്തിന് മഹല്ല് കമ്മറ്റിയും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഇടപെട്ടു. എന്നാല്‍ ജുവൈരിയയെ മൊഴി ചൊല്ലിയതായി സമീറും ബന്ധുക്കളും അറിയിക്കുകയായിരുന്നു.

കൂടാതെ, മറ്റൊരു പെണ്‍കുട്ടിയെ സമീര്‍ നിക്കാഹ് ചെയ്‌തെന്ന് അറിഞ്ഞതോടെയാണ് പരസ്യപ്രതിഷേധവുമായി ജുവൈരിയയെത്തിയത്. താന്‍ വീട്ടില്‍ കയറാതിരിക്കാന്‍ വീട് ഭര്‍ത്താവിന്റെ സഹോദരന്റെ പേരിലേക്ക് മാറ്റിയതായും നിയമപ്രകാരം മൊഴി ചൊല്ലിയതായി തനിക്ക് അറിയിപ്പൊന്നും ലഭിച്ചില്ലെന്നും ജുവൈരിയ പറയുന്നു. അതേസമയം ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ സമീറിന്റെ വീട്ടുകാര്‍ തയാറായിട്ടില്ല.

Exit mobile version