സുരക്ഷ ശക്തം; നേതാക്കളെ ശബരിമലയിലെത്തിക്കാന്‍ പാടുപെട്ട് സംഘപരിവാര്‍; ജനം ടിവി ക്യാമറ സ്റ്റാന്‍ഡുമായി നുഴഞ്ഞുകയറാന്‍ ശ്രമിച്ച ആര്‍എസ്എസ് നേതാവ് പോലീസ് പിടിയില്‍

ജനം ടിവിയുടെ ക്യാമറ സ്റ്റാന്റ് (ട്രൈപ്പോഡ്)ഉപയോഗിച്ച് ശബരിമലയില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച ആര്‍എസ്എസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ശബരിമല : ശബരിമലയിലേക്ക് സുരക്ഷ കര്‍ശ്ശനമായതിനാല്‍ കടന്നുകയറാന്‍ സാധിക്കാത്ത ആര്‍എസ്എസുകാരെ രക്ഷിക്കാന്‍ ജനം ടിവി. മാധ്യമസംഘത്തിന്റെ മറവില്‍ ജനം ടിവിയുടെ ക്യാമറ സ്റ്റാന്റ് (ട്രൈപ്പോഡ്)ഉപയോഗിച്ച് ശബരിമലയില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച ആര്‍എസ്എസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ആര്‍എസ്എസിന്റെ പ്രധാന നേതാവും ശബരമല ആചാര സമിതി കണ്‍വീനറുമായ പ്രിഥ്വിപാലാണ് അറസ്റ്റിലായത്.

അതേസമയം അറസ്റ്റിനു പിന്നാലെ, ജനം ടിവിയുടെ തിരുവനന്തപുരം ബ്യൂറോ ചീഫ് വിനീഷ് സ്ഥലത്തെത്തുകയും പ്രിഥ്വിപാലിന്റ കയ്യില്‍നിന്നു ക്യാമറ സ്റ്റാന്റ് (ട്രൈപ്പോഡ്) തിരികെവാങ്ങി കൊണ്ടുപോകുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന സന്നിധാനത്തു കയറിപ്പറ്റാനുള്ള ശ്രമമാണ് പോലീസ് പരാജയപ്പെടുത്തിയത്.

ജനം ചാനല്‍ ഇയാളെ സഹായിക്കുകയായിരുന്നെന്ന സംശയവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്.
ശബരിമലയിലെത്തുന്ന മറ്റുമാധ്യമങ്ങളെ മുഴുവന്‍ അക്രമിക്കുന്ന സംഘപരിവാര്‍, നേതാക്കന്‍മാരെ കടത്താനും ജനം ടിവിയെ തന്നെ ഉപയോഗിക്കുകയാണ് എന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു.

വീഡിയോ കടപ്പാട്: ദേശാഭിമാനി

Exit mobile version