ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയിൽ പൊതുവിഭാഗം കാർഡ് ഉടമകൾക്ക് ഇടമില്ല; കേരളത്തിലെ പകുതിപേരുടെ റേഷൻ കട്ട്

ഇതിൽ കർണാടകവുമായി ചേർന്നാണ് കേരളത്തിന്റെ ക്ലസ്റ്റർ

തിരുവനന്തപുരം: രാജ്യത്തെ ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ പദ്ധതിയിൽ പൊതുവിഭാഗം കാർഡുടമകൾക്ക് (നീല, വെള്ള) ഇടമില്ല. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഈ വിഭാഗത്തിന് റേഷൻ വാങ്ങാനാവില്ല. ഇതോടെ കേരളത്തിലെ 86.36 ലക്ഷം കാർഡുടമകളിൽ 49.48 ലക്ഷം കാർഡുടമകൾക്കും മറ്റു സംസ്ഥാനങ്ങളിൽനിന്ന് റേഷൻ വാങ്ങാനാവില്ല. ഇതുസംബന്ധിച്ച പട്ടിക സിവിൽ സപ്ലൈസ് വകുപ്പ് തയ്യാറാക്കി. പല സംസ്ഥാനങ്ങളിലും പൊതുവിഭാഗങ്ങൾക്ക് റേഷനില്ലാത്തതാണ് കാരണം. കേരളത്തിൽ പൊതുവിഭാഗത്തിനും റേഷന് അർഹതയുണ്ട്. അന്ത്യോദയ അന്നയോജന (മഞ്ഞ), മുൻഗണന (ചുവപ്പ് ) കാർഡുടമകൾക്ക് മാത്രമേ മറ്റു സംസ്ഥാനങ്ങളിൽനിന്ന് റേഷൻ വാങ്ങാൻ സൗകര്യമുണ്ടാകൂ.

വിവിധ സംസ്ഥാനങ്ങളിൽ ചെന്ന് ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാർക്ക് കൂടി റേഷൻ ഉറപ്പാക്കാനാണ് കേന്ദ്രസർക്കാർ ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി കൊണ്ടുവന്നത്. ആദ്യഘട്ടത്തിൽ 10 സംസ്ഥാനങ്ങൾ ഉൾപ്പെട്ട അഞ്ചു ക്ലസ്റ്ററുകളായി ഈ മാസം അവസാനമാണ് പദ്ധതി തുടങ്ങുന്നത്. ഇതിൽ കർണാടകവുമായി ചേർന്നാണ് കേരളത്തിന്റെ ക്ലസ്റ്റർ.

കേരളത്തിലുള്ള മുൻഗണന-എഎവൈ കാർഡുടമകൾക്ക് ഇതുപ്രകാരം കർണാടകയിൽനിന്നും കർണാടകയിലുള്ളവർക്ക് കേരളത്തിൽനിന്നും ഭക്ഷ്യധാന്യം വാങ്ങാം. അതിർത്തി പ്രദേശങ്ങളിൽ ആദ്യഘട്ട പ്രവർത്തനം നടത്തുകയാണ്. ഇ-പോസ് യന്ത്രത്തിൽ ഇരുസംസ്ഥാനങ്ങളിലെയും കാർഡുടമകളുടെ വിരടയാളം പതിപ്പിച്ചായിരുന്നു ഇത്. ബില്ലടിക്കുന്നതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഇതുപരിഹരിക്കാനുള്ള ശ്രമം നടക്കുകയാണ്. മുൻഗണനാ വിഭാഗങ്ങളുടെ റേഷനരി വില കേരളത്തിലും കർണാടകയിലും വ്യത്യസ്തമാണ്. കേരളത്തിൽ രണ്ടുരൂപ നിരക്കിലും കർണാടകത്തിൽ സൗജന്യവുമായാണ് അരി നൽകുന്നത്. വിലയിലെ ഈ പൊരുത്തക്കേട് എങ്ങനെ പരിഹരിക്കുമെന്നും വ്യക്തമായിട്ടില്ല. രാജ്യമൊട്ടാകെ അടുത്തവർഷം ജനുവരിയിൽ പദ്ധതി ആരംഭിക്കുന്നതോടെ കേരളത്തിലുള്ളവർക്ക് മറ്റു സംസ്ഥാനങ്ങളിൽനിന്നും റേഷൻ വാങ്ങാനാകും.

Exit mobile version