ഓരോ തവണയും രക്ഷപ്പെട്ടത് അടുത്ത കൃത്യത്തിന് പ്രോത്സാഹനമായി; കല്ലറ തുറക്കാതിരിക്കാൻ പള്ളി അധികാരികളെ സമീപിച്ചു

കോഴിക്കോട്: ആത്മവിശ്വാസം ഓരോ തവണയും ഉയർത്തിയത് അന്ന് കാര്യമായ അന്വേഷണം നടക്കാതിരുന്നതിനാൽ. ഓരോ കൊലപാതകത്തിനു ശേഷവും പിടിക്കപ്പെടാതിരുന്നത് ആത്മവിശ്വാസം കൂട്ടുകയും അടുത്ത കൊലപാതകത്തിന് ‘പ്രോത്സാഹന’മാവുകയും ചെയ്‌തെന്ന് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ്. ആദ്യത്തെ മൂന്ന് കൊലപാതകവും പിടിക്കപ്പെടാത്തത് പിന്നീടുള്ള ഓരോ കൊല നടത്താനുമുള്ള ധൈര്യം നൽകി. ഇതോടെയാണ് കൊലപാതകങ്ങൾക്കിടയിലെ കാലയളവ് കുറഞ്ഞതെന്നും ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

ആദ്യ ഭർത്താവ് റോയി തോമസിന്റെ മൃതശരീരം പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും ഒരന്വേഷണവും നടക്കാതിരുന്നതോടെ എല്ലാ ആശങ്കകളും നീങ്ങി പൂർണ്ണ ധൈര്യമായെന്നു ജോളി ചോദ്യം ചെയ്യലിനിടെ പോലീസിനോടു പറഞ്ഞു. ഓരോ കൊലപാതകം നടത്തിയ രീതിയും ജോളി കുറ്റബോധമില്ലാതെ വിവരിച്ചു. അന്നമ്മ തോമസിനെ കൊലപ്പെടുത്തിയത് 2002ലായിരുന്നു.അന്ന് സയനൈഡല്ല കൊലപാതകത്തിന് ഉപയോഗിച്ചത് കീടനാശിനി ആയിരുന്നു. രണ്ടാമത്തെ കൊലപാതകം 6 വർഷത്തിനു ശേഷം. ടോം തോമസിന് കപ്പപ്പുഴുക്കിലും വെള്ളത്തിലും സയനൈഡ് കലർത്തി നൽകിയായിരുന്നു. കാലയളവ് കുറച്ച് മൂന്നാമത്തെ കൊലപാതകം മൂന്നുവർഷത്തിനകമാണ് നടത്തിയത്. 2011ൽ ഭർത്താവ് റോയി തോമസിന് സയനൈഡ് നൽകി കൊലപ്പെടുത്തി. സയനൈഡ് കലർത്തി നൽകിയതാകട്ടെ റോയിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കടലക്കറിയിലും.

അന്ന് ആശങ്കപ്പെട്ടതു പോലെ റോയ് തോമസിന്റെ മരണത്തെക്കുറിച്ച് അന്വേഷണം ഉണ്ടാവാതിരുന്നതോടെ പൂർണ്ണധൈര്യമായി. 2014ൽ 3 മാസത്തെ ഇടവേളയിൽ രണ്ടുകൊലപാതകം നടത്താനും ഇതോടെ മടി തോന്നിയില്ല. മഞ്ചാടിയിൽ മാത്യുവിന് മദ്യത്തിൽ സയനൈഡ് കലർത്തി നൽകിയും ഷാജുവിന്റെ മകൾ ആൽഫൈനിനു സയനൈഡ് പുരട്ടിയ ബ്രെഡ് ഇറച്ചിക്കറിയിൽ മുക്കി നൽകിയും കൃത്യം നടത്തി.

പിന്നീട് പുതിയ ജീവിതത്തിനായി ഷാജുവിനെ വിവാഹം കഴിക്കാൻ ഭാര്യ സിലിയെ കൊലപ്പെടുത്താനുള്ള ശ്രമം തുടങ്ങി. ആദ്യ രണ്ടു ശ്രമങ്ങൾ പരാജയപ്പെട്ടു. 2016ൽ നടത്തിയ മൂന്നാം ശ്രമത്തിൽ സിലി മരിച്ചു. സയനൈഡ് നൽകിയത് വെള്ളത്തിൽ കലക്കിയും ഗുളികയിൽ പുരട്ടിയും.

ഇതിനിടെ സംഭവത്തിൽ പോലീസ് ഇടപെടലുണ്ടാവുകയും കല്ലറ തുറക്കാൻ തീരുമാനിക്കുകയും ചെയ്തതോടെ പരിഭ്രാന്തയായ ജോളി ഈ നീക്കം തടയാനും ശ്രമിച്ചു. മൃതദേഹാവശിഷ്ട പരിശോധനയ്ക്കായി കല്ലറ തുറക്കുന്നത് തടയാൻ ജോളി ജോസഫ് കല്ലറ തുറന്നാൽ ദോഷമുണ്ടാകുമെന്നാണ് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമിടയിൽ പ്രചരിപ്പിച്ചു. പള്ളി അധികൃതരെ കണ്ട് തീരുമാനം മാറ്റാനും നീക്കം നടത്തിയിരുന്നു. എന്നാൽ ഇതിനിടെ അന്വേഷണ സംഘം കുരുക്ക് മുറുക്കിയതോടെ പിന്മാറി.

Exit mobile version