ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മുകാരല്ല: 25 വര്‍ഷത്തിനുശേഷം യഥാര്‍ഥ പ്രതി പിടിയില്‍

തൃശ്ശൂര്‍: കുന്നംകുളം തൊഴിയൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുനില്‍ വധക്കേസിലെ യഥാര്‍ഥ പ്രതി 25 വര്‍ഷത്തിനുശേഷം പിടിയില്‍. ചാവക്കാട് സ്വദേശി മൊയ്നുദ്ദീനാണ് പിടിയിലായത്. തീവ്രവാദ സംഘടനയായ ജംഇയ്യത്തുല്‍ ഇഹ്‌സാനിയയുടെ പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

കേസില്‍ യഥാര്‍ത്ഥ പ്രതികള്‍ അല്ല ശിക്ഷിക്കപ്പെട്ടതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിക്ക് കൈമാറി. അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി സുനില്‍ വധക്കേസിലെ പ്രതികളായ ബിജി, ബാബുരാജ്, റഫീഖ്, ഹരിദാസ് എന്നിവരെ കുറ്റവിമുക്തരാക്കി.

ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പോലീസ് ഏഴ് സിപിഎമ്മുകാരെ പ്രതികളാക്കിയിരുന്നു. ഇവരില്‍ നാലുപേരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഈ ശിക്ഷ റദ്ദാക്കി പുനരന്വേഷണത്തിന് ഉത്തരവിട്ടത് ഹൈക്കോടതിയാണ്.

1994 ഡിസംബര്‍ നാലിനാണ് സുനിലിനെ ഒരു സംഘം അക്രമികള്‍ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയത്. സുനിലിന്റെ സഹോദരന്‍ സുബ്രഹ്മണ്യന്റെ കൈ, അക്രമികള്‍ വെട്ടിമാറ്റിയിരുന്നു. ഡിവൈഎഫ്‌ഐ സിപിഎം പ്രവര്‍ത്തകരാണ് പ്രതികളെന്നാരോപിച്ച് ലോക്കല്‍ പൊലീസ് കേസെടുക്കുകയും തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതി നാല് പേരെ ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും
ചെയ്തിരുന്നു.

എന്നാല്‍, കണ്ണൂര്‍ ജയിലില്‍ പ്രതികള്‍ ശിക്ഷ അനുഭവിച്ചു വരവെ, 2012 ല്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നടത്തിയ മറ്റു കേസുകളിലെ അന്വേഷണത്തില്‍ സുനില്‍ വധത്തില്‍ തീവ്രവാദ സംഘടനയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയും, കേസ് പരിഗണിച്ച ജസ്റ്റിസ് ദിനകര്‍, ശങ്കരനാരായണന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ജം ഇയത്തുല്‍ ഹിസാനിയ നടത്തിയെന്നാരോപിക്കുന്ന എട്ട് കൊലപാതകങ്ങളും പുനരന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇതേത്തുടര്‍ന്ന് 2017 ല്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കേസില്‍ ആദ്യ പ്രതിയാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.

കേസിലെ പ്രധാന പ്രതിയായ സൈദലവി അന്‍വരി, ചേകന്നൂര്‍ കേസിലും പ്രതിയാണ്. ആകെയുള്ള എട്ട് പ്രതികളില്‍ ഒരാള്‍ മരിച്ചു. കൂടുതല്‍ പേര്‍ വിദേശത്തേക്ക് കടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. വരും ദിവസങ്ങളില്‍ ഇവരില്‍ ചിലര്‍ കൂടി പിടിയിലാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Exit mobile version