ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് ആരെങ്കിലും ഏൽപ്പിച്ച് തന്നിട്ടുണ്ടോ; ചെന്നിത്തലയോട് പിണറായി

മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും എത്തുകയായിരുന്നു.

മഞ്ചേശ്വരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അധിക്ഷേപങ്ങൾക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന്റെയും എൻഡിഎയുടെയും മഞ്ചേശ്വരത്തെ സ്ഥാനാർത്ഥികൾ കപട ഹിന്ദുക്കളാണെന്ന ചെന്നിത്തലയുടെ പ്രസ്താവനയോട് അതേ നാണയത്തിലാണ് മുഖ്യമന്ത്രിയുടെ തിരിച്ചടി. പ്രതിപക്ഷം മഞ്ചേശ്വരത്ത് നടത്തുന്നത് വർഗീയ കാർഡിറക്കാനുള്ള ശ്രമമാണ്. പ്രതിപക്ഷനേതാവിന്റെ കക്ഷത്ത് ആരാണ് ഹിന്ദുവിന്റെ അട്ടിപ്പേറവകാശം വച്ച് തന്നതെന്ന് പിണറായി ചോദിച്ചു.

”ഇവിടെ വർഗീയ കാർഡിറക്കാനുള്ള ശ്രമമല്ലേ നടക്കുന്നത്? അത് നാം തിരിച്ചറിയണം. പ്രതിപക്ഷനേതാവ് ഇപ്പോൾ ഈ സ്ഥാനത്തിന് ചേർന്ന പദമാണോ ഇപ്പോൾ പറഞ്ഞത്? കപടഹിന്ദു, എന്നല്ലേ പറഞ്ഞത്? ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് ആരെങ്കിലും ഏൽപിച്ച് തന്നിട്ടുണ്ടോ? ഈ പ്രതിപക്ഷനേതാവിന്റെ? ഇവിടെ ശങ്കർ റൈയെപ്പോലൊരു സ്ഥാനാർത്ഥി ഹിന്ദുവല്ലെന്നും കപട ഹിന്ദുവാണെന്നും പറയാനുള്ള അൽപത്തം എങ്ങനെയാണ് വന്നത്? നമ്മടെ അങ്ങോട്ടൊക്കെ പറഞ്ഞാൽ നിങ്ങളെ അറിയാം എല്ലാവർക്കും. ഈ മഞ്ചേശ്വരത്തെ സാധുക്കൾക്ക് മുന്നിൽ വന്നിട്ട് ഇത് പോലെ നിങ്ങളാണെന്ന് പറയണമായിരുന്നോ?”, പിണറായി പറഞ്ഞു. യുഡിഎഫും ബിജെപിയും രാഷ്ട്രീയം പറയുന്നില്ല. മഞ്ചേശ്വരത്ത് ഇടത് സ്ഥാനാർത്ഥി ശങ്കർ റൈ വിശ്വാസിയായതാണ് ചിലരുടെ പ്രശ്‌നം. ഈ പരിപാടിയിൽ പോലും മഹാഭൂരിപക്ഷം വിശ്വാസികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനഘട്ടത്തിൽ എത്തിയതിനിടെ മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും എത്തുകയായിരുന്നു. ഇതിനിടെയാണ് പ്രതിപക്ഷനേതാവിന് മറുപടിയും നൽകിയത്. ഉപതെരഞ്ഞെടുപ്പുകൾ കഴിഞ്ഞ തെറ്റുകൾ തിരുത്താനുള്ള അവസരമായി ജനങ്ങൾ കാണുന്നുണ്ടെന്നും അതാണ് പാലായിൽ കണ്ടതെന്നും മുഖ്യമന്ത്രി മഞ്ചേശ്വരത്ത് പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിയുടെ വോട്ട് ഘട്ടം ഘട്ടമായി കൂടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version