സ്‌കൂളുകള്‍ക്ക് ആസ്ബസ്‌റ്റോസ് മേല്‍ക്കൂര വേണ്ട, നിരോധിച്ച് സര്‍ക്കാര്‍; എത്രയും വേഗം മാറ്റി സ്ഥാപിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ആസ്ബസ്‌റ്റോസ് മേല്‍ക്കൂര നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ്. നിലവില്‍ ആസ്ബസ്‌റ്റോസ് ഷീറ്റ് മേല്‍ക്കൂരയുള്ള സ്‌കൂളുകള്‍ രണ്ട് വര്‍ഷത്തിനകം അവ നീക്കം ചെയ്ത് പകരം അനുയോജ്യമായ മേല്‍ക്കൂര സ്ഥാപിക്കണമെന്നും പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിന്നും ആസ്ബസ്‌റ്റോസ് മേല്‍ക്കൂര സമയബന്ധിതമായി നീക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആസ്ബസ്‌റ്റോസ് ഷീറ്റ് വിദ്യാര്‍ഥികളില്‍ ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ ഇടക്കാല വിധി.

എയ്ഡഡ്, അണ്‍എയ്ഡഡ്, അംഗീകൃത സ്വകാര്യ സ്‌കൂളുകളില്‍ ബന്ധപ്പെട്ട മാനേജ്‌മെന്റുകളാണ് മേല്‍ക്കൂര മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാഭ്യാസവകുപ്പുമായി ചേര്‍ന്ന് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളും നടപടികള്‍ സ്വീകരിക്കണം. ആസ്ബസ്‌റ്റോസ് ഷീറ്റ് മേഞ്ഞ സ്‌കൂളുകളുടെ പട്ടിക പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തയാറാക്കുകയും ഇവ സമയബന്ധിതമായി മാറ്റിസ്ഥാപിച്ചുവെന്ന് ഉറപ്പാക്കുകയും വേണം. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പ്രതിമാസ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കണം.

കേരള വിദ്യാഭ്യാസചട്ടങ്ങളില്‍ ചട്ടം അഞ്ചില്‍ അധ്യായം നാല് പ്രകാരം നിരോധിച്ചിട്ടുള്ള പെട്ടെന്ന് ചൂട് പിടിക്കുന്ന/ തീപിടിക്കുന്ന വസ്തുക്കള്‍ ഒന്നുംതന്നെ സ്‌കൂളുകളുടെ മേല്‍ക്കൂര മാറ്റി സ്ഥാപിക്കുന്നതിനോ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനോ ഉപയോഗിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ വകുപ്പ് എന്‍ജിനീയര്‍മാരും ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

സ്‌കൂള്‍ കെട്ടിടങ്ങളുടെ ആസ്ബസ്‌റ്റോസ് മേല്‍ക്കൂര മാറ്റണമെന്ന ഉത്തരവ് ബാധിക്കുക ആയിരത്തോളം കെട്ടിടങ്ങളെയെന്ന് പൊതുവിദ്യാഭ്യാസവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ആസ്ബസ്‌റ്റോസ് ഷീറ്റില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളും ഉണ്ട്. ഇവയില്‍ പല സ്‌കൂളുകളിലും ചില കെട്ടിടങ്ങള്‍ക്ക് മാത്രമാണ് ആസ്ബസ്‌റ്റോസ് ഷീറ്റ് മേല്‍ക്കൂരയുള്ളത്.

സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് എന്നിവയായി 14,593 സ്‌കൂളുകളാണ് സംസ്ഥാനത്തുള്ളത്. ആസ്ബസ്‌റ്റോസ് ഷീറ്റുള്ള കെട്ടിടങ്ങളുടെ കണക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പ്രത്യേകം ശേഖരിക്കുന്നുണ്ട്. ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍മാര്‍ വഴി ശേഖരിക്കുന്ന കണക്ക് പ്രകാരം മേല്‍ക്കൂര മാറ്റുന്ന നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിരീക്ഷിക്കും. അവധിക്കാലത്ത് മാത്രമേ മേല്‍ക്കൂര മാറ്റാനാകൂ എന്ന നിലപാടിലാണ് എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍.

Exit mobile version