പ്ലസ് വൺ പരീക്ഷ അനിശ്ചിതത്വം മാറ്റാൻ ഇന്ന് സുപ്രീംകോടതി വിധി വന്നേക്കും; പ്ലസ്ടു ക്ലാസുകളും മുടങ്ങി വിദ്യാർത്ഥികൾ; പ്രവേശന പരീക്ഷകളുടെ തയ്യാറെടുപ്പും ആശങ്കയിൽ

മലപ്പുറം: പ്ലസ്‌വൺ പരീക്ഷ നടത്തുന്നത് സംബന്ധിച്ച് സുപ്രീംകോടതി വിധി ഇന്നുണ്ടായേക്കും. അതേസമയം, പരീക്ഷയെ സംബന്ധിച്ച വിധി എന്തുതന്നെയായാലും വിദ്യാർത്ഥികളും അധ്യാപകരും വലിയ ആശങ്കയിലാണ്. പ്ലസ്‌വൺ പരീക്ഷയുടെ പേരിൽ കുട്ടികൾക്കു നഷ്ടമായത് പ്ലസ്ടു ക്ലാസുകൾകൂടിയാണ്. മാർച്ചിൽ നടക്കേണ്ട പൊതുപരീക്ഷയ്ക്ക് പാഠഭാഗങ്ങൾ എങ്ങനെ തീർക്കുമെന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാർത്ഥികളും.

പ്രവേശനപ്പരീക്ഷകൾ നടക്കാനുള്ളതിനാൽ പ്ലസ്ടു പരീക്ഷ കൂടുതൽ നീട്ടിവെക്കാനാവില്ല. എന്നാൽ കുട്ടികൾക്ക് പഠിക്കാനായി വേണ്ടത്ര സമയവുമില്ല. മൂന്നുമാസത്തോളം ലാബ്‌റെക്കോഡ് വർക്കുകൾക്കായി നീക്കിവെക്കേണ്ടിവരുന്ന കുട്ടികൾക്കാണ് ഏറ്റവും ദുരിതം. .ഫെബ്രുവരിയിൽ മോഡൽ പരീക്ഷയും നടത്തണം. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾക്ക് പ്ലസ് വൺ പൊതുപരീക്ഷയല്ലാത്തതിനാൽ ഈ ആശയക്കുഴപ്പങ്ങളൊന്നുമില്ല. അവർ കൃത്യമായി ക്ലാസുകൾ നടത്തി പ്ലസ്ടു പൊതുപരീക്ഷയ്ക്ക് ഒരുങ്ങുകയാണ്.

കഴിഞ്ഞ അധ്യയനവർഷത്തെ ബാച്ചിന് രണ്ടുമാസം സ്‌കൂളിൽ ക്ലാസ് ലഭിച്ചിരുന്നു. മുടങ്ങാതെ വിക്ടേഴ്‌സ് ചാനലിന്റെ ക്ലാസും കിട്ടി. എന്നാൽ ഈ വർഷം പ്ലസ് വൺ, പ്ലസ്ടു ബാച്ചുകാർക്ക് സ്‌കൂളിൽ പോകാൻ അവസരം ലഭിച്ചിട്ടില്ല.

മാർച്ചിൽ നടക്കേണ്ട പ്ലസ് വൺ പരീക്ഷ കോവിഡ് കാരണം മാറ്റിവെച്ചു. പിന്നീട് സെപ്റ്റംബർ ആറിനു തീരുമാനിച്ചെങ്കിലും സുപ്രീംകോടതി ഇടപെട്ടതോടെ പിന്നേയും മാറ്റി. അതിന്റെ വിധിയാണ് വെള്ളിയാഴ്ച വരാനിരിക്കുന്നത്. പരീക്ഷ നടത്താമെന്ന് കോടതി പറഞ്ഞാലും പരീക്ഷകൾക്കിടയിൽ ഒട്ടും ഇടവേള ലഭിക്കാനിടയില്ല.

Exit mobile version