സ്‌കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കും; ഇന്ന് ആരോഗ്യ-വിദ്യാഭ്യാസ മന്ത്രിമാരുടെ ഉന്നതതല യോഗം

തിരുവനന്തപുരം: ഏറെ കാലത്തിന് ശേഷം വീണ്ടും സ്‌കൂൾ തുറക്കുമ്പോൾ കുട്ടികളുടേയും രക്ഷിതാക്കളുടേയും ആശങ്കയകറ്റാൻ നടപടികൾ കൈക്കൊള്ളാൻ സർക്കാർ. കുട്ടികളുടെ പൂർണ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.

ഇന്ന് വിദ്യാഭ്യാസ-ആരോഗ്യമന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നുണ്ട്. സ്‌കൂൾ തുറക്കലിന് മുന്നോടിയായി ഒരു കരട് തയാറാക്കും. ഇത് മറ്റ് വകുപ്പുകളുമായി ചർച്ച ചെയ്യും. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പിടിഎകൾ, മറ്റ് ബന്ധപ്പെട്ട സംഘടനകൾ എന്നിവയുമായി ചർച്ച നടത്തി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റുന്നവിധം ക്രമീകരണം ഏർപ്പെടുത്തുമെന്നു മുഖ്യമന്ത്രി കഴിഞ്ഞദിവസം വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു.


ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളുമാണ് നവംബർ ഒന്നിന് ആരംഭിക്കുക. നവംബർ 15 മുതൽ മറ്റ് ക്ലാസുകൾ ആരംഭിക്കും.

Exit mobile version