ആവണിപ്പാറയിൽ പാലം നിർമ്മിച്ചെന്ന അവകാശവാദവുമായി യുഡിഎഫും അടൂർ പ്രകാശും

കോന്നി: പാലം നിർമ്മിച്ച് നൽകാമെന്ന് വാക്ക് നൽകി ജനങ്ങളെ കബളിപ്പിച്ചതു പോരാതെ പാലം നിർമ്മിച്ചെന്ന് കള്ളം പറഞ്ഞും വോട്ട് തേടി കോന്നിയിലെ മുൻ എംഎൽഎയും നിലവിലെ എംപിയുമായ അടൂർ പ്രകാശും യുഡിഎഫും. വികസനം മുഖ്യ ചർച്ചാവിഷയമാകുന്ന ഉപതെരഞ്ഞെടുപ്പിൽ തങ്ങളുടെ പേരിൽ കള്ളം പറഞ്ഞ് വോട്ട് തേടുന്നതിൽ നിരാശരാണ് കോന്നിയിലെ ആവണിപ്പാറ ഗിരിജൻ കോളനിയിലെ ജനങ്ങൾ.

വോട്ട് ചോദിച്ച് രാഷ്ട്രീയക്കാർ വരുമ്പോൾ എണ്ണിയെണ്ണി ചോദിക്കാൻ കാത്തിരിക്കുകയാണ് ഈ കോളനിയിലുള്ളവരെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അടൂർ പ്രകാശ് എംഎൽഎ ആയിരിക്കെ നടത്തിയ പദ്ധതികളെ കുറിച്ച് സഫലം എന്ന പുസ്തകത്തിലാണ് വ്യാജമായ വികസന പദ്ധതികൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ പുസ്തകത്തിൽ ആവണിപാറ ഗിരിജൻ കോളനിക്ക് പണിതു നൽകിയ പാലത്തിന്റെ ചിത്രവുമുണ്ട്. രണ്ടുകോടിയെന്നാണ് ചെലവ് കാണിച്ചിരിക്കുന്നത്. എന്നാൽ ആവണിപാറയിൽ ഇങ്ങനെയൊരു പാലമില്ല. അച്ഛൻ കോവിലാറിനക്കരെയുള്ള കോളനിയിൽ 33 കുടുംബങ്ങളാണ് താമസിക്കുന്നത്. പാലം ഇല്ലാത്തതിനാൽ കോളനി നിവാസികൾ വളരെ ബുദ്ധിമുട്ടിലുമാണ്. എന്നാൽ സർക്കാർ ഇടംകോലിട്ടതിനാലാണ് പാലം പണിയാൻ സാധിക്കാത്തതെന്നാണ് അടൂർ പ്രകാശിന്റെ വിശദീകരണം.

Exit mobile version