കേന്ദ്രഭരണത്തെ വിമർശിച്ച് മന്ത്രി ഇപി ജയരാജൻ

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ച് മന്ത്രി ഇപി ജയരാജൻ. ആറ് കാരണങ്ങൾ കൊണ്ട് കേന്ദ്ര ഭരണം ജോളിയാണെന്നാണ് മന്ത്രിയുടെ വിമർശനം. വളർച്ചാ നിരക്ക് കുറഞ്ഞതും ജിഡിപി വളർച്ചയിൽ ബംഗ്ലാദേശ് ഇന്ത്യയെ മറികടന്നതും എയർ ഇന്ത്യയുടെ ലേലവും അടക്കം ആറ് കാരണങ്ങൾ അക്കമിട്ട് നിരത്തിയാണ് ജയരാജൻ കേന്ദ്രസർക്കാരിനെ വിമർശിക്കുന്നത്. ഇന്ത്യൻ കമ്പനികളുടെ വിദേശകടം 10 ഇരട്ടിയായതും 400 റെയിൽവെ സ്റ്റേഷൻ സ്വകാര്യ വത്കരിക്കാനുള്ള നീക്കവും അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പിലൂടെ വിമർശന വിധേയമാക്കുന്നു.

മന്ത്രി ഇപി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

1) ഇന്ത്യയുടെ 2019ലെയും 2020ലെയും പ്രതീക്ഷിത സാമ്പത്തിക വളർച്ച 0.3 ശതമാനം വീതം ഐഎംഎഫ് കുറച്ചു. രാജ്യത്തെ ആഭ്യന്തര ഡിമാന്റ് ഇടിഞ്ഞതോടെയാണ് നിരക്ക് കുറച്ചത്.

2) ആഗോള മത്സരാധിഷ്ടിത സമ്പദ്വ്യവസ്ഥ സൂചികയിൽ ഇന്ത്യ 10 റാങ്ക് താഴേക്ക് പതിച്ചു. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ പട്ടികയിലാണ് ഈ വീഴ്ച്ച.
വിവര സാങ്കേതിക വിദ്യ വളർച്ച, ആരോഗ്യ സ്ഥിതി, ആരോഗ്യകരമായ ആയുർ ദൈർഘ്യം എന്നിവയിലും ഇന്ത്യയുടെ റാങ്ക് വളരെ താഴ്ന്നു. ആരോഗ്യകരമായ ആയുർദൈർഘ്യത്തിൽ 140 രാജ്യങ്ങളുടെ പട്ടികയിൽ 109 ആണ് ഇന്ത്യയുടെ സ്ഥാനം. ആഫ്രിക്കക്ക് പുറത്തുള്ള രാജ്യങ്ങളിൽ ഏറ്റവും പിന്നിൽ നിൽക്കുന്നതും ഇന്ത്യ തന്നെ. പുരുഷ-വനിത തൊഴിലാളി നിരക്കിൽ 128ാമതാണ് ഇന്ത്യയുടെ സ്ഥാനം.

3) ജിഡിപി വളർച്ചയിൽ ഇന്ത്യയെ മറികടന്ന് ബംഗ്ലാദേശ്. ‘ഏഷ്യൻ ഡവലപ്‌മെന്റ് ഔട്ട്‌ലുക്ക് 2019’ എന്ന പേരിൽ ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ദക്ഷിണേഷ്യയിൽ ബംഗ്ലാദേശ് മുന്നേറ്റത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ ജിഡിപി നിരക്ക് ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ്. സാമ്പത്തികമാന്ദ്യവും തുടരുകയാണ്.

4) പ്രധാനപ്പെട്ട 400 റെയിൽവേ സ്റ്റേഷനുകളുടെ സ്വകാര്യവൽക്കരണം വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ സെക്രട്ടറിതല സമിതി രൂപീകരിച്ചു. വികസനപദ്ധതികൾ നടപ്പാക്കാനെന്നപേരിൽ 50 സ്റ്റേഷൻ ഉടൻ സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കും. ഒന്നാംഘട്ടത്തിൽ 150 ട്രെയിൻ സ്വകാര്യകമ്പനികൾക്ക് വിട്ടുകൊടുക്കും. ആദ്യപട്ടികയിൽ കോഴിക്കോട് സ്റ്റേഷനുണ്ട്. പുതിയ പട്ടികയിൽ കേരളത്തിലെ രണ്ട് സ്റ്റേഷൻ കൂടി ഉണ്ടാകും.

5) ഇന്ത്യൻ കമ്പനികളുടെ വിദേശകടം 10 ഇരട്ടിയായി. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യത്തെ അഞ്ചുമാസം വിദേശവാണിജ്യവായ്പ കഴിഞ്ഞ വർഷം ഇതേ കാലയളവിലുള്ളതിന്റെ പത്തിരട്ടിയായി. ഇക്കൊല്ലം ആദ്യ ആറുമാസം ആഭ്യന്തര വാണിജ്യവായ്പകളിൽ 88 ശതമാനം ഇടിവുണ്ടായതായും റിസർവ് ബാങ്ക്.

6) പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ പുനരാരംഭിച്ചു. ഓഹരി വിൽപ്പനയ്ക്കായി ഈ മാസം തന്നെ താൽപ്പര്യ പത്രം ക്ഷണിക്കും. മുഴുവൻ ഓഹരികളും വിറ്റഴിക്കാനാണ് പദ്ധതി.

Exit mobile version