കേരള ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരം: കേരളപ്പിറവി ദിനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചേക്കും

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരം. ഇതോടെ കേരളപ്പിറവി ദിനത്തില്‍ കേരള ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ജില്ലാ ബാങ്കുകളുടെ അനുമതി നേടണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം ഓര്‍ഡിന്‍സിലൂടെ മറികടന്നാണ് കേരള ബാങ്കിന് സര്‍ക്കാര്‍ അനുമതി നേടിയത്.

13 ജില്ലാ ബാങ്കുകളും കേരള ബാങ്ക് രൂപീകരണത്തെ പിന്തുണച്ചപ്പോള്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് അതിനെ എതിര്‍ത്ത് വോട്ടു ചെയ്തു. ഇതേത്തുടര്‍ന്ന് ഭരണസമിതി യോഗത്തില്‍ ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കേണ്ടതില്ലെന്നും യോഗത്തിന്റെ അംഗീകാരം മാത്രം നേടിയാല്‍ മതിയെന്നുമുള്ള ഭേദഗതി വരുത്തിയുള്ള ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു. ഈ ഭേദഗതിയാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമമാരംഭിച്ചത്. ഇതിനായി റിസര്‍വ് ബാങ്ക് 19 നിബന്ധനകളും മുന്നോട്ടു വച്ചു. ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളുടെ പൊതുയോഗത്തില്‍ രണ്ടില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ലയന പ്രമേയം പാസാക്കണമെന്നതായിരുന്നു പ്രധാന നിബന്ധന.

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രമേയത്തെ എതിര്‍ത്തതോടെയാണ് ഓര്‍ഡിനന്‍സ് ഇറക്കി ഈ തടസം മറികടന്നത്. അതേസമയം ബാങ്ക് രൂപീകരണത്തിന് മറ്റെന്തെങ്കിലും നിബന്ധനകള്‍ ഉണ്ടോയെന്ന് വ്യക്തമല്ല.

Exit mobile version