ഷാജുവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; കൂടത്തായിയിലെ ആറ് മൃതദേഹങ്ങളും വിദഗ്ദ പരിശോധനയ്ക്ക് വിദേശത്തേക്ക്

കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സക്കറിയയെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. എവിടെ പോയാലും പോലീസിനെ അറിയിക്കണം. രാവിലെ കസ്റ്റഡിയിലെടുത്ത ഷാജുവിനെ വടകര എസ്പി ഓഫിസിലാണ് ചോദ്യം ചെയ്തത്.

ഷാജുവിന്റെ മൊഴികള്‍ വ്യക്തമായി പരിശോധിക്കുമെന്നും കൊലപാതകത്തില്‍ ഷാജുവിന് നേരിട്ട് പങ്കുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കെജി സൈമണ്‍ പറഞ്ഞു.

നേരത്തേ, ജോളിയെ ചോദ്യം ചെയ്തതിനൊപ്പം ഷാജുവിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളില്‍ നിരവധി വിശദീകരണം ആവശ്യമായിരുന്നു. എല്ലാ മൊഴികളും റെക്കോര്‍ഡ് ചെയ്തു. മൊഴികള്‍ വിലയിരുത്തിയ ശേഷം തുടര്‍നടപടിയെടുക്കും. കൂടുതല്‍ പേരെ ഇനിയും ചോദ്യം ചെയ്യാനുണ്ടെന്നു പോലീസ് പറഞ്ഞു.

അതേസമയം, മൃതദേഹങ്ങളുടെ രാസപരിശോധന വിദേശത്ത് നടത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അനുമതി നല്‍കിയിട്ടുണ്ടെന്ന് റൂറല്‍ എസ്പി കെജി സൈമണ്‍ അറിയിച്ചു. വിശദമായ രാസപരിശോധനാഫലം ലഭിക്കാന്‍ വേണ്ടിയാണ് ആറ് അവശിഷ്ടങ്ങളും വിദേശത്തേക്ക് അയക്കുന്നത്.

ഇതുവരെ റോയ് തോമസിന്റെ മൃതദേഹത്തില്‍ നിന്ന് മാത്രമേ സയനൈഡിന്റെ അംശം കണ്ടെത്തിയതായി പോലീസിന്റെ പക്കല്‍ ആധികാരികമായ തെളിവുള്ളൂ. ബാക്കിയുള്ള ഒരു മൃതദേഹങ്ങളില്‍ നിന്നും സയനൈഡ് അംശം കിട്ടിയിട്ടില്ല. മൃതദേഹങ്ങള്‍ മണ്ണിലഴുകിയാല്‍ പിന്നീട് സയനൈഡിന്റെ അംശം കണ്ടെത്തുക ദുഷ്‌കരമാണെന്ന് വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഈ സാഹചര്യത്തിലാണ് എല്ലാ മൃതദേഹാവശിഷ്ടങ്ങളും വിദേശത്തേക്ക് അയക്കാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്.

ധൃതി പിടിച്ച് ആരെയും അറസ്റ്റ് ചെയ്യേണ്ടെന്ന് തന്നെയാണ് പോലീസിന്റെ തീരുമാനം. തീര്‍ത്തും ശ്രദ്ധയോടെ മുന്നോട്ടു പോകും. സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസില്‍ എല്ലാ പഴുതും അടച്ച ശേഷം മാത്രമേ പോലീസിന് മുന്നോട്ടുപോകാനാകൂ. ഇല്ലെങ്കില്‍ ഏതെങ്കിലും ഒരിടത്ത് പ്രോസിക്യൂഷന് പ്രതിഭാഗത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാതായാല്‍ കേസിലെ മിക്കവാറും എല്ലാ തെളിവുകളും പിന്നീട് ചോദ്യചിഹ്നമായി മാറും. കോടതിയില്‍ നിന്ന് തിരിച്ചടി നേരിടാതിരിക്കാന്‍ കൃത്യമായി വല നെയ്യുകയാണ് പോലീസ്.

Exit mobile version