ജോളിയുമായി നല്ല സൗഹൃദമെന്ന് മാത്യു; എല്ലാം ചെയ്തത് താൻ ഒറ്റയ്‌ക്കെന്ന് ജോളി; മൂന്നുപേർ കുടുങ്ങി

ജ്വല്ലറി ജീവനക്കാരൻ മാത്യുവും സ്വർണ്ണപ്പണിക്കാരൻ പ്രജുകുമാറുമാണ്

വടകര: കോഴിക്കോട് കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയും സഹായികളായ രണ്ട് പേരും അറസ്റ്റിൽ. വർഷങ്ങളുടെ ഇടവേളയിൽ ആറുപേരെ കൊലപ്പെടുത്തിയ സംഭവത്തിൽ ജോളിയും ഇവർക്ക് സയനൈഡ് എത്തിച്ച് നൽകിയ ജ്വല്ലറി ജീവനക്കാരൻ മാത്യുവും സ്വർണ്ണപ്പണിക്കാരൻ പ്രജുകുമാറുമാണ് അറസ്റ്റിലായിരിക്കുന്നത്.

അതേസമയം, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ ചോദ്യം ചെയ്ത ശേഷം പോലീസ് വിട്ടയച്ചു. കൊല നടത്തിയത് താൻ തന്നെയാണെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് ജോളി. സയനൈഡ് എത്തിച്ച് നൽകിയത് താൻ തന്നെയാണെന്ന് മാത്യുവും സമ്മതിച്ചിട്ടുണ്ട്. ജോളിയുടെ ബന്ധുവാണ് ജ്വല്ലറി ജീവനക്കാരനായ മാത്യു. വർഷങ്ങൾക്ക് മുമ്പാണ് സയനൈഡ് എത്തിച്ച് നൽകിയതെന്നാണ് മാത്യുവിന്റെ മൊഴി. ജോളിയുമായി നല്ല സൗഹൃദമുണ്ടായിരുന്നെന്നും അതുകൊണ്ടാണ് സയനൈഡ് കൊടുത്തതെന്നും മാത്യു വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കൊലപാതകങ്ങളെല്ലാം താൻ മാത്രമാണ് ചെയ്തതെന്നാണ് തുടർച്ചയായി ജോളി പോലീസിനോട് പറയുന്നത്. തന്റെ ഇപ്പോഴത്തെ ഭർത്താവായ ഷാജു സ്‌കറിയയ്ക്ക് ഇതിൽ പങ്കില്ലെന്ന് ജോളി ആവർത്തിക്കുന്നു. ആറ് കൊലപാതകങ്ങൾക്ക് പുറമെ മുൻഭർത്താവ് റോയി മാത്യുവിന്റെ സഹോദരി റെൻജിയേയും കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നെന്നും ജോളി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ആ പദ്ധതി പാളിപ്പോവുകയായിരുന്നു. കൂടത്തായിയിലെ വീട്ടിൽ നിന്നാണ് ജോളിയെ കസ്റ്റഡിയിലെടുത്തത്. തെളിവെടുപ്പിന് കൊണ്ടുപോയ ഓരോ ഇടത്തും ജോളി വിങ്ങിപ്പൊട്ടി. ഇന്നലെ വീട്ടിലെത്തിയ ബന്ധുവിനോട് തനിയ്ക്ക് തെറ്റ് പറ്റിയെന്ന് കരഞ്ഞുകൊണ്ട് ജോളി സമ്മതിച്ചതോടെ, ജോളിയെ കസ്റ്റഡിയിലെടുക്കാതെ, വീട്ടിലെത്തി പോലീസ് വിശദമായ മൊഴിയെടുക്കുകയായിരുന്നു. പിന്നീട് പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ തന്നെയെത്തി ചോദ്യം ചെയ്ത ശേഷമാണ് രാവിലെ കസ്റ്റഡിയിലെടുക്കുകയും, പിന്നീട് തെളിവെടുപ്പിന് കൊണ്ടുപോവുകയും ചെയ്തത്.

ജോളിയുടെ ഭർതൃപിതാവും കൊല്ലപ്പെട്ട രണ്ടാമത്തെയാളുമായ ടോം തോമസിന്റെ സഹോദരന്റെ മകനാണ് ഷാജു സ്‌കറിയ. ഇയാളെ 2017ൽ ജോളി വിവാഹം ചെയ്തിരുന്നു. ഇയാളുടെ ഭാര്യ സിലിയും പത്ത് മാസം പ്രായമുള്ള കുഞ്ഞും വിഷം ഉള്ളിൽച്ചെന്ന് മരിച്ചിരുന്നു. 2016-ലാണ് സിലി മരിക്കുന്നത്. ഇതിന് ശേഷം ജോളിയെ ഷാജു വിവാഹം കഴിക്കുകയായിരുന്നു. ഇയാൾക്കും ഇയാളുടെ പിതാവ് സ്‌കറിയയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു.

Exit mobile version