മോഡിക്കെതിരെ ശബ്ദിക്കുന്നവരെ ജയിലിലിടുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്; സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ഒരു നേതാവും ഒരു സിദ്ധാന്തവും മാത്രം മതിയെന്ന നയമാണ് നരേന്ദ്ര മോഡിയുടേത്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ശബ്ദിക്കുന്നവരെ ജയിലിലിടുന്ന അവസ്ഥയാണ് ഇപ്പോള്‍ രാജ്യത്തുള്ളതെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച 49 ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത സംഭവത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ഒരു നേതാവും ഒരു സിദ്ധാന്തവും മാത്രം മതിയെന്ന നയമാണ് നരേന്ദ്ര മോഡിയുടേത്. കോണ്‍ഗ്രസ് മറുപക്ഷത്താണുള്ളത്. വൈവിധ്യമാണ് കോണ്‍ഗ്രസ് എല്ലാ കാലവും ഉയര്‍ത്തുന്ന നയം എന്നും രാഹുല്‍ പറഞ്ഞു.

ജയ് ശ്രീറാമിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന ആക്രമങ്ങളില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതിനാണ് 49 ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. രാമചന്ദ്രഗുഹ, അനുരാഗ് കശ്യപ്, മണിരത്‌നം തുടങ്ങി 49 പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ആ കത്തില്‍ ഒപ്പുവച്ചിരുന്നു.

Exit mobile version