പണം കൊണ്ട് സാധിക്കാത്ത ഒരുപാട് കാര്യങ്ങള്‍ ജീവിതത്തിലുണ്ടെന്ന് ഓര്‍മ്മപ്പെടുത്തി എംഎ യൂസഫലി

പണം കൊണ്ട് സാധിക്കാത്ത ഒരുപാട് കാര്യങ്ങള്‍ ജീവിതത്തിലുണ്ടെന്ന് നമ്മള്‍ മറക്കരുതെന്നും യൂസഫലി പറഞ്ഞു

പത്തനംതിട്ട: മനുഷ്യര്‍ മനുഷ്യരെ സ്‌നേഹിക്കണം, വിട്ടുവീഴ്ചാമനസ്ഥിതിയോടെ മുന്നോട്ട് പോകണമെന്നും സമൂഹത്തിന് സന്ദേശം നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. പണം കൊണ്ട് സാധിക്കാത്ത ഒരുപാട് കാര്യങ്ങള്‍ ജീവിതത്തിലുണ്ടെന്ന് നമ്മള്‍ മറക്കരുതെന്നും പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ മാതാപിതാക്കളുടെ സ്മരണക്കായി നിര്‍മ്മിച്ച മദര്‍ ആന്‍ഡ് ചൈല്‍ഡ് വാര്‍ഡ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

പണം കൊണ്ട് സാധിക്കാത്ത ഒരുപാട് കാര്യങ്ങള്‍ ജീവിതത്തിലുണ്ടെന്ന് നമ്മള്‍ മറക്കരുത്. മനുഷ്യര്‍ മനുഷ്യരെ സ്‌നേഹിക്കുകയും വിട്ടുവീഴ്ചാ മനസ്ഥിതിയോടെ മുന്നോട്ടു പോകുകയും ചെയ്താലേ ലോകത്ത് സമാധാനം ഉണ്ടാകുകയുള്ളൂവെന്നും എംഎ യൂസഫലി പറഞ്ഞു. ലോകം പിടിച്ചെടുക്കാന്‍ വെമ്പല്‍ കൊണ്ട മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ കഥയും അദ്ദേഹം തന്റെ പ്രസംഗത്തിനിടെ പങ്കുവെച്ചു.

താന്‍ മരിച്ചാല്‍ തന്റെ ശവമഞ്ചം തന്നെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ ചുമക്കണമെന്നും ശവമഞ്ചംകൊണ്ടു പോകുന്ന വഴിയില്‍ സ്വര്‍ണം വിതറിയിടണമെന്നും അലക്‌സാണ്ടര്‍ തന്റെ മരണശയ്യയില്‍ വെച്ച് അന്ത്യാഭിലാഷം അറിയിച്ചു. ദൈവം നിശ്ചയിച്ചാല്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ ഒരാള്‍ക്കും സാധ്യമല്ലെന്ന് ലോകത്തിന് കാണിച്ചു കൊടുക്കാനായിരുന്നു തന്റെ ശവമഞ്ചം ഡോക്ടറെ കൊണ്ട് ചുമപ്പിക്കാന്‍ പറഞ്ഞത്.

സമ്പാദിച്ചതെല്ലാം മരണത്തോടെ ഉപേക്ഷിച്ചു വെറും കൈയോടെ പോകേണ്ടി വരുമെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് പോകുന്ന വഴിയില്‍ സ്വര്‍ണം വിതറിയിടണമെന്ന് അലക്‌സാണ്ടര്‍ പറഞ്ഞതെന്നും യൂസഫലി പറഞ്ഞു. അദ്ദേഹത്തിന്റെ അന്ത്യം നമുക്ക് നല്‍കുന്ന ഒരു വലിയ സന്ദേശമാണെന്ന് അദ്ദേഹം വ്യക്തമാക്കി. യൂസഫലിയുടെ മാതാപിതാക്കളായ ഹാജി അബ്ദുള്‍ ഖാദറിന്റേയും സഫിയ ഹജ്ജുമ്മയുടേയും സ്മരണാര്‍ത്ഥമാണ് പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ മദര്‍ ആന്‍ഡ് ചൈല്‍ഡ് വാര്‍ഡ് നിര്‍മ്മിച്ചത്.

Exit mobile version