സ്വന്തം വീട്ടില്‍ പോലും കയറ്റാത്ത സ്ത്രീകളെ സര്‍ക്കാര്‍ ശബരിമലയിലെത്തിച്ച്, വിശ്വാസം തകര്‍ത്തുവെന്ന് പി മോഹന്‍ രാജ് ; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീണ്ടും ശബരിമല ആയുധമാക്കി യുഡിഎഫ്

നവോത്ഥാനമെന്ന പേരിട്ടുകൊണ്ടുള്ള ഇടതു സര്‍ക്കാരിന്റെ ഈ പ്രവൃത്തി ശബരിമലയിലെ വിശ്വാസത്തെയാണ് തകര്‍ത്തതെന്നും മോഹന്‍രാജ് പറഞ്ഞു

പത്തനംതിട്ട: വീട്ടില്‍ പോലും കയറ്റാത്ത സ്ത്രീകളെ ഇടതു സര്‍ക്കാര്‍ ശബരിമലയില്‍ കയറ്റിയെന്ന് കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജ്. ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടിയെ വളച്ചൊടിച്ച് ഈ തെരഞ്ഞെടുപ്പിലും പ്രചാരണതന്ത്രമാക്കുകയാണ് യുഡിഎഫ്.
സര്‍ക്കാരിന്റെ നടപടിക്കെതിരെ വിശ്വാസി സമൂഹം പ്രതികരിക്കുമെന്ന് പി മോഹന്‍ രാജ് പറഞ്ഞു.

സര്‍ക്കാരിനെതിരെ ജനവികാരം ഉണ്ടാകുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല. സ്വന്തം വീട്ടില്‍ പോലും കയറ്റാത്ത, ഭര്‍ത്താവിനും അമ്മായി അമ്മയ്ക്കും മക്കള്‍ക്കും വേണ്ടാത്ത സ്ത്രീയെ ഒരു ഐജിയുടെ നേതൃത്വത്തില്‍ 400 ലേറെ പോലീസുകാരുടെ അകമ്പടിയോടെ ശബരിമലയിലെത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും മോഹന്‍രാജ് വ്യക്തമാക്കി.

നവോത്ഥാനമെന്ന പേരിട്ടുകൊണ്ടുള്ള ഇടതു സര്‍ക്കാരിന്റെ ഈ പ്രവൃത്തി ശബരിമലയിലെ വിശ്വാസത്തെയാണ് തകര്‍ത്തതെന്നും മോഹന്‍രാജ് പറഞ്ഞു. ഇത്തവണയും ശബരിമല വിഷയം തന്നെയാണ് യുഡിഎഫിന്റെ പ്രധാന പ്രചാരണതന്ത്രം.

Exit mobile version