വയനാട്ടിലെ രാത്രിയാത്ര നിരോധനം; കേന്ദ്രമന്ത്രി പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്

ന്യൂഡല്‍ഹി: വയനാട്ടിലെ ബന്ദിപ്പൂര്‍ വനമേഖലയിലെ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് കേരളീയര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഉടന്‍ വിദഗ്ധസമിതിയെ അറിയിക്കും. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ കേന്ദ്രത്തിന്റെ ഇടപെടലിനു പരിമിതിയുണ്ടെന്നും വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ വേഗത്തില്‍ സമര്‍പ്പിമെന്നും പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കി.

40 കിലോമീറ്റര്‍ അധികമുള്ള തോല്‍പ്പെട്ടി-നാഗര്‍ഹോള സംസ്ഥാനപാതയെ ദേശീയപാതയാക്കി പ്രശ്‌നം പരിഹരിക്കാമെന്ന നിര്‍ദേശം ഒട്ടും പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി ജാവഡേക്കറെ അറിയിച്ചു. ഈ പാതയും വനത്തിലൂടെ കടന്നുപോകുന്നുണ്ടെന്നും ഇതിലും ഭാവിയില്‍ നിരോധനം വേണമെന്ന ആവശ്യം ഉയരാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബന്ദിപ്പുര്‍ വനമേഖലയില്‍ യാത്രാ നിയന്ത്രണം വന്നതില്‍ വയനാട്ടിലെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. ഈ പാതയിലൂടെ പകല്‍കൂടി യാത്ര നിരോധിക്കാനുള്ള നീക്കങ്ങളാണു ഇപ്പോള്‍ നടക്കുന്നതെന്നും പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Exit mobile version