വട്ടിയൂർക്കാവിൽ കുമ്മനം തന്നെ; കേന്ദ്ര നേതൃത്വം ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് കുമ്മനം

മുൻനിര നേതാക്കളുടെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാൻ പാർട്ടിക്ക് സാധിക്കാത്തതാണ് സ്ഥാനാർത്ഥി പട്ടിക നീളാൻ കാരണം.

Kummanam Rajasekharan34

തിരുവനന്തപുരം: എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവന്നിട്ടും ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാകാതെ ബിജെപി. കേന്ദ്രനേതൃത്വം ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് ബിജെപി അറിയിക്കുന്നതെങ്കിലും മുൻനിര നേതാക്കളുടെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാൻ പാർട്ടിക്ക് സാധിക്കാത്തതാണ് സ്ഥാനാർത്ഥി പട്ടിക നീളാൻ കാരണം.

ഇതിനിടെ വട്ടിയൂർക്കാവിൽ തന്റെ പേര് തന്നെയാണ് സംസ്ഥാന നേതൃത്വം ഉയർത്തിക്കാണിക്കുന്നതെന്ന് സ്ഥിരീകരിച്ച് കുമ്മനം രാജശേഖരൻ രംഗത്തെത്തി. സംസ്ഥാന നേതൃത്വം തന്റെ പേരാണ് നിർദേശിച്ചതെന്നും അന്തിമ തീരുമാനം കേന്ദ്രനേതൃത്വം ഉടൻ പ്രഖ്യാപിക്കുമെന്നു കുമ്മനം പറഞ്ഞു. പാർട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ ഇടത്-വലത് സ്ഥാനാർത്ഥികൾ വട്ടിയൂർക്കാവിൽ പ്രചാരണത്തിന് ഇറങ്ങി. സിപിഎം സ്ഥാനാർത്ഥി വികെ പ്രശാന്തിനായുള്ള മണ്ഡലം കൺവൻഷൻ ഇന്ന് വൈകിട്ട് നടക്കുമ്പോൾ മണ്ഡലം നിറയുന്ന റോഡ് ഷോ നടത്താനാണ് കോൺഗ്രസ് സ്ഥാനാർത്ഥി കെ മോഹൻകുമാറിന്റെ തീരുമാനം. എന്നാൽ കുമ്മനം രാജശേഖരന്റെ സ്ഥാനാർത്ഥിത്വം ഏകദേശം ഉറപ്പാണെങ്കിലും പ്രഖ്യാപനം വരാത്തതിനാൽ ഇതുവരെ പ്രചാരണം തുടങ്ങാൻ സാധിക്കാതെ ആശങ്കയിലാണ് ബിജെപി ക്യാംപ്.

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കുന്നതിൽ ബിജെപിയിൽ തർക്കം രൂക്ഷമായിരുന്നു. കുമ്മനത്തിനായുള്ള പ്രചാരണങ്ങൾ തത്ക്കാലത്തേക്ക് നിർത്തിവയ്ക്കാൻ ജില്ലാ ഘടകത്തിനു നിർദേശം നൽകിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.

Exit mobile version