പാലാ മണ്ഡലം ചതിക്കില്ലെന്ന വിശ്വാസം വെള്ളത്തിലായി; ബെറ്റ് പാലിച്ച് കുഞ്ഞുമോന്‍, തലമുടി വടിച്ചു, വീഡിയോ

ആത്മവിശ്വാസത്തില്‍ ജോസ് ടോം തോറ്റാല്‍ കവലയില്‍വെച്ച് പരസ്യമായി മൊട്ടയടിക്കുമെന്നായിരുന്നു കുഞ്ഞുമോന്‍ ബെറ്റുവെച്ചത്.

കോട്ടയം: പാലാ മണ്ഡലം ഒരു കാലത്തും കേരളാ കോണ്‍ഗ്രസിനെ കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു യുഡിഎഫ് പ്രവര്‍ത്തകര്‍. കെഎം മാണിയുടെ വിയോഗത്തിലെ സഹതാപതരംഗം വോട്ടായി പെട്ടിയില്‍ വീഴുമെന്ന വിശ്വാസവും പ്രവര്‍ത്തകരില്‍ പ്രകടമായിരുന്നു. എന്നാല്‍ എല്ലാം അസ്ഥാനത്തായത് വോട്ട് പെട്ടി തുറന്നപ്പോഴാണ്. ആദ്യം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തി പോയ മാണി സി കാപ്പന്റെ കുതിപ്പിനു മുന്‍പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം മങ്ങിപ്പോയി.

എന്നാല്‍ ജോസ് ടോം വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന വാദത്തില്‍ തിരിച്ചടിയായത് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെസി കുഞ്ഞുമോനാണ്. ആത്മവിശ്വാസത്തില്‍ ജോസ് ടോം തോറ്റാല്‍ കവലയില്‍വെച്ച് പരസ്യമായി മൊട്ടയടിക്കുമെന്നായിരുന്നു കുഞ്ഞുമോന്‍ ബെറ്റുവെച്ചത്. ഇതിന്റെ വീഡിയോയും സാക്ഷികളായവര്‍ സൂക്ഷിച്ചിരുന്നു. മാണി സി കാപ്പന്‍ തോറ്റാല്‍ താനും പരസ്യമായി മൊട്ടയടിക്കുമെന്ന് എതിര്‍പക്ഷത്തുണ്ടായിരുന്ന ബിനോയിയും പറഞ്ഞു.

ബെറ്റില്‍ ബിനോയ് ജയിച്ചതോടെ കുഞ്ഞുമോന്‍ വാക്ക് പാലിച്ചു. തല മൊട്ടയടിച്ചു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ബിജെപിയുടെ വോട്ടുകൊണ്ടാണ് എല്‍ഡിഎഫ് ജയിച്ചതെന്നാണ് കുഞ്ഞുമോന്‍ പറയുന്നത്.

കുഞ്ഞുമോന്റെ വാക്കുകള്‍;

കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി 54 വര്‍ഷക്കാലം കെഎം മാണിസാറ് നേതൃത്വം കൊടുത്ത പാലാ നിയോജക മണ്ഡലം ഇങ്ങനെയൊരു അട്ടിമറി വിജയം, അട്ടിമറി വിജയമെന്നു എന്നെ സംബന്ധിച്ച് പറഞ്ഞാല്‍, ബിജെപിയുടെ വോട്ട് യുഡിഎഫ് മേടിച്ചുവെന്നാണ് പറഞ്ഞിരുന്നത്, പക്ഷേ യുഡിഎഫല്ല എല്‍ഡിഎഫാണ് ഈ ബിജെപിയുടെ വോട്ട് മേടിച്ചത്. എനിക്കു മുടിപോയതിനു വിഷമമില്ല. ഞാന്‍ മാണിസാറിനെ വിശ്വസിക്കുന്നു, അന്നും ഇന്നും.

Exit mobile version