കാപ്പന്റെ മുന്നേറ്റത്തിൽ വിറച്ച് വലതുകോട്ടകൾ; മുത്തോലി കൊണ്ട് തൃപ്തിപ്പെട്ട് യുഡിഎഫ്

ബിജെപി വോട്ട് മറിച്ചെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം രംഗത്തെത്തി.

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ വ്യക്തമായ മുന്നേറ്റം കാഴ്ചവെച്ച് എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ. വോട്ടെണ്ണൽ ആരംഭിച്ചതുമുതൽ തുടരുന്ന ലീഡ് കാപ്പൻ എട്ടാം റൗണ്ട് വരെ തുടർന്നു. എന്നാൽ ഒമ്പതാം റൗണ്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ വോട്ട് നേട്ടത്തിൽ വൻപുരോഗതി കാഴ്ചവെച്ചതോടെ കാപ്പന്റെ ലീഡിൽ ചെറിയ ഇടിവ് കാണിച്ചു.

ഇതിനിടെ, ബിജെപി വോട്ട് മറിച്ചെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം രംഗത്തെത്തി. വോട്ട് കുറഞ്ഞതു പരിശോധിക്കുമെന്നു എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി ജില്ലാ പ്രസിഡന്റുമായ എൻ ഹരി പറഞ്ഞു. യുഡിഎഫിന്റെ വോട്ടാണു തനിക്കു കിട്ടിയതെന്നും രാമപുരം ഫലസൂചനയാണെന്നും മാണി സി കാപ്പൻ പ്രതികരിച്ചു. പാലാ കാർമൽ പബ്ലിക് സ്‌കൂളിലാണു വോട്ട് എണ്ണുന്നത്.

യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിന് ആയിരുന്നു സർവേകളിൽ മുൻതൂക്കം. സർവേകളെ അട്ടിമറിക്കുന്ന പ്രകടനമാണ് മാണി സികാപ്പന്റേത്. മൂന്നു തവണ കെഎംമാണിയോടു പാലായിൽ മത്സരിച്ചു പരാജയപ്പെട്ട എൻസിപി നേതാവാണു മാണി സി കാപ്പൻ. ആദ്യ മണിക്കൂറുകളിൽ ഒരിക്കൽപോലും യുഡിഎഫിന് ലീഡ് നേടാനായില്ലെന്നതു മുന്നണിയിൽ വലിയ ബഹളങ്ങൾക്ക് വഴിയൊരുക്കി.

Exit mobile version