ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ട് മറിഞ്ഞെന്ന് ജോസഫ്; വോട്ടെണ്ണൽ തീർന്നില്ല, കേരളാ കോൺഗ്രസിൽ വാക്‌പോര് തുടങ്ങി

ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ടാണ് എൽഡിഎഫിനു മറിഞ്ഞതെന്നു പിജെ ജോസഫ് ആരോപിച്ചു.

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ വ്യക്തമായ ലീഡ് തുടരുന്നതിനിടെ കേരളാ കോൺഗ്രസിൽ പരസ്പരം ചെളിവാരിയെറിയൽ. കേരളാ കോൺഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലീഡ് ലഭിച്ച പ്രദേശങ്ങളിലെല്ലാം ഇത്തവണ പിന്നോട്ട് പോയത് ജോസ് കെ മാണി വിഭാഗത്തിന്റെ പിടിപ്പുകേടാണെന്ന വാദവുമായി പിജെ ജോസഫ് രംഗത്തെത്തി.

ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ടാണ് എൽഡിഎഫിനു മറിഞ്ഞതെന്നു പിജെ ജോസഫ് ആരോപിച്ചു. എന്നാൽ രാമപുരത്ത് ബിജെപിയാണ് വോട്ടുകൾ എൽഡിഎഫിനു മറിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പ്രതികരിച്ചു. കെഎം മാണിയുടെ ഭവനത്തിൽ അടച്ചിട്ട മുറിയിൽ ജോസ് കെ മാണിയും ജോസ് ടോമും ചർച്ച നടത്തി.

യുഡിഎഫിന്റെ വോട്ടാണ് തനിക്കു കിട്ടിയതെന്നു മാണി സി കാപ്പനും പറഞ്ഞത് കേരളാ കോൺഗ്രസിലെ തമ്മിൽ തല്ല് കൂട്ടുമെന്ന് ഉറപ്പായി. രാമപുരത്തെ ലീഡ് നില ഫലസൂചനയാണെന്നും മാണി സി കാപ്പൻ പറഞ്ഞു. പാലാ നഗരസഭയിലടക്കം അപ്രതീക്ഷിത മുന്നേറ്റുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാമപുരത്തെ വോട്ട് ചോർച്ച പരിശോധിക്കുമെന്ന് തോമസ് ചാഴികാടൻ എംപി പറഞ്ഞു. അതേസമയം, ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് എൽഡിഎഫ് മുന്നിലെത്തിയതെന്ന് എൻഡിഎ സ്ഥാനാർത്ഥി എൻ ഹരി പ്രതികരിച്ചു.

Exit mobile version