പാലാ ഉപതെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനയില്‍ മാണി സി കാപ്പന് അനുകൂലം, പ്രതീക്ഷയില്‍ ഇടതുപക്ഷം

പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്.

പാലാ: പാലാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. രാമപുരം പഞ്ചായത്തില്‍ ആദ്യ റൗണ്ട് എണ്ണി തീര്‍ന്നപ്പോള്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ മുന്നില്‍ നില്‍ക്കുകയാണ്. 161 വോട്ടുകള്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്. 4263 വോട്ടുകളാണ് ആദ്യ റൗണ്ട് എണ്ണി തീര്‍ന്നപ്പോള്‍ മാണി സി കാപ്പന് ലഭിച്ചിരിക്കുന്നത്. 22 ബൂത്തുകളാണ് രാമപുരത്ത് ഉള്ളത്.

മാണി സി കാപ്പന്റെ പ്രതീക്ഷ പോലെ തന്നെ വന്‍ വിജയം നേടുമെന്നത് ശരിവെയ്ക്കുന്ന കാഴ്ചയാണ് ആദ്യ ഫലസൂചനകള്‍ നല്‍കുന്നത്. 4101 വോട്ടുകള്‍ നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പിന്നിലുണ്ട്. 1929 വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരിയും നേടി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. രാമപുരത്ത് ഇനി ഏഴ് ബൂത്തുകള്‍ കൂടിയാണ് എണ്ണാനുള്ളത്.

14 ടേബിളിലായാണ് വോട്ടെണ്ണല്‍ നടത്തുന്നത്. 10.30ഓടെ അന്തിമചിത്രം തെളിയും. 10000 വോട്ടിന് മുകളില്‍ ഭൂരിപക്ഷം നേടി വിജയം നേടുമെന്ന് മാണി സി കാപ്പന്‍ പറഞ്ഞിരുന്നു. ബിഡിജെഎസിന്റെ അടക്കം വോട്ട് ഇടതുമുന്നണിക്ക് ലഭിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തന്നെ പിന്തുണച്ചിട്ടുണ്ടെന്നും ആയതിനാല്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Exit mobile version