ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണു; അഞ്ച് ദിവസം പ്രായമായ കുഞ്ഞിനും മാതാപിതാക്കള്‍ക്കും പരിക്ക്

ദേശീയപാത 183ല്‍ 26-ാം മൈലിനു സമീപം വെച്ചായിരുന്നു സംഭവം

കോട്ടയം: ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണു, അഞ്ച് ദിവസം പ്രായമായ കുഞ്ഞും മാതാപിതാക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വെള്ളൂര്‍ കോട്ടമ്പാടം ജെയ്‌സണ്‍ (31), ഭാര്യ സോണി (30), ഇവരുടെ ആണ്‍കുഞ്ഞ് എന്നിവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലേക്കാണ് മരം ഓടിഞ്ഞ് വീണത്. സംഭവത്തില്‍ ജെയ്‌സണിനും സോണിക്കും കുഞ്ഞിനും പരിക്കേറ്റു.

ദേശീയപാത 183ല്‍ 26-ാം മൈലിനു സമീപം വെച്ചായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് അല്‍ഫീന്‍ സ്‌കൂള്‍ കവാടത്തിനു സമീപത്തെ വാകമരം വീഴുകയായിരുന്നു. ജെയ്‌സണിനെയും സോണിയെയും കുഞ്ഞിനെയും കൂടാതെ സോണിയുടെ അമ്മയും ജെയ്‌സണിന്റെ പിതൃസഹോദരിയും കാറിലുണ്ടായിരുന്നു.

പിന്‍സീറ്റിലായിരുന്നതിനാല്‍ ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അഞ്ചു ദിവസം മുന്‍പ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു സോണിയുടെ പ്രസവം. സോണിയുടെ കുമളിയിലെ വീട്ടിലേക്കു പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ 26-ാം മൈല് മേരി ക്വീന്‌സ് ആശുപത്രിയില് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version