ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക്കുകള്‍ മോഷണം പോയ സംഭവം; അന്വേഷണം എന്‍ഐഎക്കു കൈമാറിയേക്കും

നിര്‍മ്മാണത്തിലിരിക്കുന്ന കപ്പലില്‍ നിന്ന് അഞ്ച് വീതം മൈക്രോ പ്രോസസറുകള്‍, ഹാര്‍ഡ് ഡിസ്‌ക്കുകള്‍, റാമുകള്‍ എന്നിവയാണ് മോഷണം പോയിരിക്കുന്നത്

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക്കുകള്‍ മോഷണം പോയ സംഭവത്തില്‍ അന്വേഷണം എന്‍ഐഎക്കു കൈമാറിയേക്കും. എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഇന്നലെ സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെയുമായി ചര്‍ച്ച നടത്തിയിരുന്നു. നാളെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

സംഭവത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പോലീസ് കമ്മീഷണറെ സന്ദര്‍ശിച്ചത്. നിര്‍മ്മാണത്തിലിരിക്കുന്ന കപ്പലില്‍ നിന്ന് അഞ്ച് വീതം മൈക്രോ പ്രോസസറുകള്‍, ഹാര്‍ഡ് ഡിസ്‌ക്കുകള്‍, റാമുകള്‍ എന്നിവയാണ് മോഷണം പോയിരിക്കുന്നത്. ഇതിനു പുറമെ കേബിളുകളും കോളിങ് സ്റ്റേഷന്‍ അടക്കമുള്ള മറ്റു ചില ഉപകരണങ്ങളും മോഷണം പോയിട്ടുണ്ട്.

അതേസമയം കവര്‍ച്ച നടന്നുവെന്ന് പറയുന്ന ദിവസങ്ങളില്‍ കൊച്ചിയില്‍ ഉണ്ടായിരുന്ന വിദേശികളുടെ വിവരങ്ങളും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. ഹാര്‍ഡ് ഡിസ്‌ക്കുകള്‍ കപ്പലില്‍ നിന്ന് മോഷണം പോയത് അതീവ ഗുരുതര സുരക്ഷാ വീഴ്ചയെന്നാണ് വിലയിരുത്തല്‍. മോഷണം പോയ ഹാര്‍ഡ് ഡിസ്‌ക്കില്‍ കപ്പലിന്റെ രൂപരേഖയടക്കം തന്ത്രപ്രധാന വിവരങ്ങളാണ് ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Exit mobile version