പിഎസ്‌സി തട്ടിപ്പ്: ഉത്തരങ്ങൾ കൈയ്യിലുണ്ടെന്ന് ക്രൈംബ്രാഞ്ച്; പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

പ്രതികൾ എസ്എംഎസിലൂടെ കൈമാറിയ ഉത്തരങ്ങൾ പൂർണ്ണമായും ഹൈടെക് സെല്ലിന്റെ സഹായത്തോടെ വീണ്ടെടുത്തു.

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിൽ ക്രമക്കേട് നടത്തിയ കേസിലെ പ്രതികളായ യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥികൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. പ്രതികളായ ശിവരഞ്ജിത്ത്,നസീം എന്നിവരുടെ ജാമ്യ അപേക്ഷയിലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയുന്നത്. പരീക്ഷയിൽ ഇവർ തട്ടിപ്പു നടത്തിയതിന്റെ നിർണ്ണായക തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. പരീക്ഷ നടന്ന ദിവസം പ്രതികൾ എസ്എംഎസിലൂടെ കൈമാറിയ ഉത്തരങ്ങൾ പൂർണ്ണമായും ഹൈടെക് സെല്ലിന്റെ സഹായത്തോടെ വീണ്ടെടുത്തു.

പ്രതികളായ ഗോകുലും സഫീറും ശിവരഞ്ജിത്, പ്രണവ്, നസീം എന്നിവർക്കയച്ച സന്ദേശങ്ങളാണ് ക്രൈം ബ്രാഞ്ചിന് കിട്ടിയത്. സംഭവം നടന്ന് ഒരു വർഷം കഴിഞ്ഞതിനാൽ സന്ദേശങ്ങൾ വീണ്ടെടുക്കുക ശ്രമകരമായിരുന്നു. പ്രതികൾ മൊബൈൽ ഫോൺ ഉൾപ്പടെയുള്ള പ്രധാനപ്പെട്ട തെളിവുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഹൈടെക് സെൽ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഇതോടെ കോപ്പിയടി സംശയമില്ലാതെ തെളിയുകയും ചെയ്തു.

പരീക്ഷാഹാളിൽ നിന്നും ഇവർക്ക് ചോദ്യപേപ്പർ ചോർത്തി നൽകിയവരെ കുറിച്ചും പോലീസിന് വ്യക്തമായ വിവരം കിട്ടിയിട്ടുണ്ട്. സംശയിക്കുന്ന ആൾ നിലവിൽ ഒളിവിലാണ്. ക്രമക്കേടിൽ പങ്കുളള മറ്റ് ചിലരേയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. കേസിലെ കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിക്കും. കുത്തുകേസിൽ കഴിഞ്ഞ ദിവസം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു. പിഎസ്‌സി കേസിൽ കൂടി ജാമ്യം ലഭിച്ചാൽ പ്രതികൾക്ക് പുറത്തിറങ്ങാൻ കഴിയും.

Exit mobile version