അഗതി മന്ദിരത്തില്‍ അമ്മയേയും മകളേയും മര്‍ദ്ദിച്ച സംഭവം: സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു, നടപടി ശൈലജ ടീച്ചറുടെ ഇടപെടലിനെ തുടര്‍ന്ന്

കൊച്ചി: കൊച്ചി കോര്‍പ്പറേഷന് കീഴിലെ അഗതി മന്ദിരത്തില്‍ അമ്മയേയും മകളേയും മര്‍ദ്ദിച്ച സംഭവത്തില്‍ സൂപ്രണ്ട് അന്‍വര്‍ ഹുസൈനെ അറസ്റ്റ് ചെയ്തു. പള്ളുരുത്തി പോലീസ് ആണ് ഹുസൈനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. അന്‍വര്‍ ഹുസൈനെ നാളെ കോടതിയില്‍ ഹാജരാക്കും.

പള്ളുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന അഗതി മന്ദിരത്തിലെ അന്തേവാസിയായ കാര്‍ത്യായനിയ്ക്കാണ് സൂപ്രണ്ടിന്റെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. ആദ്യം അസഭ്യം പറഞ്ഞ് വന്ന സൂപ്രണ്ട് മുറിയില്‍ നിന്ന് പുറത്ത് വന്ന് കാര്‍ത്ത്യായനിയെ മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ചെടി നനയ്ക്കാന്‍ ഉപയോഗിക്കുന്ന പൈപ്പ് ഉള്‍പ്പടെ വൃദ്ധയായ അമ്മയെയും മാനസികാസ്വാസ്ഥ്യമുള്ള മകളെയും ഓടിക്കാന്‍ ഇയാള്‍ കയ്യിലെടുക്കുന്നുണ്ട്.

മാനസികാസ്വാസ്ഥ്യമുള്ള മകളെക്കൊണ്ട് അമിതമായി ജോലി ചെയ്യിപ്പിച്ചത് ചോദ്യം ചെയ്തതാണ് കാര്‍ത്യായനിയെ മര്‍ദ്ദിക്കാന്‍ സൂപ്രണ്ടിനെ പ്രകോപിപ്പിച്ചത്. സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പള്ളുരുത്തി പോലീസെത്തി കാര്‍ത്യായനിയുടെ മൊഴി രേഖപ്പെടുത്തുകയും സൂപ്രണ്ടിന് എതിരെ കേസെടുക്കുകയും ചെയ്തു. സംഭവത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

സ്ത്രീകളെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണം നടത്താനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും കെകെ ശൈലജ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സംഭവത്തിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് ജില്ലാ കളക്ടറും ആവശ്യപ്പെട്ടിരുന്നു.

Exit mobile version