വിദ്യാര്‍ത്ഥികളോട് ജാതിവിവേചനം കാണിച്ചുവെന്ന് ആരോപണം; കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ നടപടി

തേഞ്ഞിപ്പലം: വിദ്യാര്‍ത്ഥികളോട് ജാതിവിവേചനം ഉള്‍പ്പടെ വിവേചനപരമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ നടപടി. മലയാളം പഠനവകുപ്പ് മേധാവി ഡോ. എല്‍ തോമസുകുട്ടി, ബോട്ടണി വകുപ്പിലെ അസി. പ്രഫസര്‍ ഡോ. എം ഷാമിന എന്നിവരോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ സര്‍വ്വകലാശാല നിര്‍ദ്ദേശിച്ചു.

തന്റെ ഗവേഷണ പ്രബന്ധം വൈകിപ്പിക്കുകയാണെന്നും വിവേചനത്തോടെ പെരുമാറുന്നുവെന്നും ആരോപിച്ച് മലയാളം വിഭാഗത്തിലെ ഗവേഷക പി. സിന്ധുവാണ് ഡോ. തോമസുകുട്ടിക്കെതിരെ പരാതി നല്‍കിയത്.
ബോട്ടണി വകുപ്പിലെ നാല് ഗവേഷക വിദ്യാര്‍ഥത്ഥികളാണ് ഡോ. ഷമീനക്കെതിരേ പരാതി നല്കിയത്. തങ്ങള്‍ക്കെതിരേ ജാതീയമായ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നും മോശക്കാരായി ചിത്രീകരിക്കുകയാണെന്നും ഇവര്‍ പറയുന്നു.

സംഭവത്തില്‍ അധ്യാപകരില്‍ നിന്നും ദളിത് വിദ്യാര്‍ത്ഥികള്‍ക്കു നേരെ അതിക്രമമാണ് ഉണ്ടായതെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് പരാതികളില്‍ അന്വേഷണം നടത്താന്‍ സിന്‍ഡിക്കറ്റ് പ്രത്യേക സമിതിയെ നിയോഗിക്കുകയായിരുന്നു

എന്നാല്‍ വിഷയത്തില്‍ കുറ്റാരോപിതരായ അധ്യാപകരെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ, എകെആര്‍എസ്എ സംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലറെ ഉപരോധിച്ച് സമരം ചെയ്തു. തുടര്‍ന്നാണ് അധ്യാപകരോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ സര്‍വ്വകലാശാല നിര്‍ദേശിച്ചത്.

അതേ സമയം ഇതുമായി ബന്ധപ്പെട്ട് തനിക്ക് ഔദ്യോഗികമായി അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡോ.എം.ഷാമിന പറഞ്ഞു. അതിനാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജോലിയില്‍ ഹാജരാകുമെന്നും അവര്‍ അറിയിച്ചു. സിന്‍ഡിക്കറ്റ് നിയോഗിച്ച സമിതി ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്കണമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അധ്യാപകര്‍ അവധിയില്‍ പോകണമെന്നുമാണ് സര്‍വ്വകലാശാല നിര്‍ദേശിച്ചത്.

Exit mobile version