‘കെ പോപ് ബാൻഡ് ബിടിഎസിനെ കാണാൻ കൊറിയയിലേക്ക്’! കുടുക്ക പൊട്ടിച്ച 14,000 രൂപയുമായി വീടുവിട്ടിറങ്ങി 13കാരികളായ കൂട്ടുകാരികൾ; ഒടുവിൽ

ചെന്നൈ: കൗമാരക്കാർക്കിടയിൽ തരംഗമായ കെ-പോപ് ഗായക സംഘമായ ബിടിഎസിനെ കാണാനായി ദക്ഷിണകൊറിയയിലേക്ക് വീടുവിട്ടിറങ്ങിയ കൗമാരിക്കാരികളെ കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ മൂന്ന് 13-കാരികളെയാണ് കാട്പാഡിയിൽനിന്ന് പോലീസ് കണ്ടെത്തിയത്.

മൂന്നുപേരേയും രണ്ടുദിവസം മുൻപാണ് കാണാതായത്. പെൺകുട്ടികൾ തിരിച്ചുവരാൻ ഒരുങ്ങുന്നതിനിടെയാണ് പോലീസ് കണ്ടെത്തിയത്. കുടുക്കപൊട്ടിച്ച് ശേഖരിച്ച 14,000 രൂപ കൈയ്യിൽ വെച്ചാണ് ഇവർ കൊറിയയിലേക്ക് പോകാനായി തയ്യാറെടുത്തത്. ഒരുമാസം മുൻപ് തുടങ്ങിയ പദ്ധതികൾ വീടുവിട്ടിറങ്ങലിലേക്ക് എത്തുകയായിരുന്നു.

കരൂരിലെ സ്‌കൂളിലെ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളാണ് ഇവർ. ഈറോഡിൽ നിന്ന് ചെന്നൈയിലെത്തിയശേഷം വിശാഖപട്ടണത്തേക്ക് തിരിക്കുകയായരുന്നു പദ്ധതി. ഇവിടെനിന്ന് കപ്പൽ മാർഗം ദക്ഷിണകൊറിയയിലേക്ക് പോകുകയായിരുന്നു ഇവരുടെ പദ്ധതി. ഇന്റർനെറ്റിൽ നിന്നാണ് വിശാഖപട്ടണത്തുനിന്ന് സിയോളിലെത്താമെന്ന് ഇവർ മനസിലാക്കിയത്.

ALSO READ- കൊച്ചിയിലെ സ്പായിൽ നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടികൂടി;സ്പാ പൂട്ടിച്ച് പോലീസ്

ബിടിഎസ് ബാൻഡിന്റെ ആരാധകരായ മൂവരും കൊറിയൻ വരികൾ ഗൂഗിൾ ട്രാൻസലേറ്റ് ഉപയോഗിച്ച് പരിഭാഷപ്പെടുത്തിയാണ് ആസ്വദിച്ചിരുന്നത്. ഈ ബാൻഡിനെക്കുറിച്ചും അംഗങ്ങളുടെ പൂർണ്ണവിവരങ്ങളും ഇവർ പഠിച്ചെടുത്തിരുന്നു.

ഈറോഡിൽ നിന്നും ചെന്നൈയിൽ എത്തിയ കുട്ടികൾ രണ്ടിടത്ത് ഹോട്ടലുകളിൽ മുറിയെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മൂന്നാമതൊരിടത്ത് 1,200 രൂപ വാടകയ്ക്ക് ഇവർ താമസിക്കുകയും ചെയ്തു. എന്നാൽ ഈറോഡ് നിന്നും ചെന്നൈയിൽ എത്തിയതോടെ തന്നെ കൊറിയയിലേക്കുള്ള യാത്ര വേണ്ടെന്ന് ഇവർ തീരുമാനിച്ചിരുന്നു. ആവേശം കെട്ടടങ്ങിയതോടെ തിരിച്ചുവരാൻ തീരുമാനിച്ചു.

കുട്ടികളെ കാണാതായതിനെ തുടർന്ന് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഈ സമയത്താണ് ചെന്നൈയിൽനിന്ന് ഈറോഡിലേക്ക് തിരികെ ട്രെയിൻ കയറിയ സംഘം ഭക്ഷണം വാങ്ങാൻ കാട്പാഡിയിൽ ഇറങ്ങിയത്. എന്നാൽ ഇവിടെ വെച്ച് ട്രെയിൻ നഷ്ടപ്പെട്ടു.

രാത്രി റെയിൽവേ സ്റ്റേഷനിൽ ഒറ്റപ്പെട്ട നിലയിൽ പെൺകുട്ടികളെ കണ്ടതോടെ റെയിൽവേ പോലീസ് കൂട്ടിക്കൊണ്ടുപോവുകയും വെല്ലൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു. സർക്കാർ ചിൽഡ്രൻസ് ഹോമിൽ തുടരുകയാണ് കുട്ടികൾ. ഇവരെ മാതാപിതാക്കളെ വിളിച്ചുവരുത്തി കൗൺസിലിങ് നൽകിയ ശേഷം വിട്ടയക്കും.

Exit mobile version