ശബരിമല സ്ത്രീപ്രവേശനം: സാവകാശ ഹര്‍ജി നല്‍കില്ലെന്ന് സര്‍ക്കാര്‍; സര്‍വ്വകക്ഷിയോഗം പരാജയം; പ്രതിപക്ഷം ഇറങ്ങിപ്പോയി

യുവതി പ്രവേശന വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചതോടെയാണ് പ്രതിപക്ഷം എതിര്‍ത്ത് രംഗത്തെത്തിയത്.

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സംബന്ധിച്ച സുപ്രീംകോടതി
വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ച്ച സര്‍വ്വകക്ഷിയോഗം പരാജയപ്പെട്ടു. യുവതി പ്രവേശന വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചതോടെയാണ് പ്രതിപക്ഷം എതിര്‍ത്ത് രംഗത്തെത്തിയത്. വിധി നടപ്പാക്കാന്‍ സമയം ആവശ്യപ്പെടുന്ന സാവകാശ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി പഴയ നിലപാടില്‍ ഉറച്ചു നിന്നതോടെ, പ്രതിപക്ഷം മുന്നോട്ട് വെച്ച രണ്ടു നിര്‍ദേശങ്ങളും സര്‍ക്കാര്‍ തള്ളുകയും ചെയ്തതോടെ പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ച് പുറത്തിറങ്ങി. ഇതോടെ ശബരിമല പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുന്ന സാഹചര്യമാണ് വന്നിരിക്കുന്നത്. സര്‍ക്കാര്‍ മുന്‍വിധിയോടെയാണ് യോഗത്തിനെത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.

പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെങ്കിലും യുവതീപ്രവേശനത്തിന് സ്റ്റേ നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ വിധി നടപ്പാക്കേണ്ട സാഹചര്യം മുഖ്യമന്ത്രി യോഗത്തിലെ ആമുഖ പ്രസംഗത്തില്‍ വിശദീകരിച്ചു.

അതേസമയം, ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ അനുവദിക്കില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധി വ്യക്തമാക്കി. യുവതീപ്രവേശന വിധി നടപ്പാക്കേണ്ടെന്ന നിലപാടില്‍ തന്നെയാണ് കോണ്‍ഗ്രസ്. സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ സര്‍വകക്ഷി യോഗം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. യുവതീപ്രവേശനം വേണ്ടെന്നാണ് യുഡിഎഫ് നിലപാട്. വിധിക്ക് സ്റ്റേ ഇല്ലെങ്കിലും നടപ്പാക്കേണ്ടെന്ന എന്ന വിചിത്ര നിലപാടാണ് ബിജെപി സ്വീകരിച്ചത്.

Exit mobile version