ഹോട്ടലിന്റെ ബോർഡ് വീണ് തകർന്ന ക്ലാസ് മുറി പുനഃനിർമ്മിച്ചില്ല; ഹോട്ടലിന്റെ മുന്നിൽ സമരം നടത്തി വിദ്യാർത്ഥികൾ

കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിന് മുന്നിലാണ് ചാലപ്പുറം ഗണപത് ബോയ്‌സ് സ്‌കൂളിലെ കുട്ടികൾ സമരം നടത്തുന്നത്.

കോഴിക്കോട്: ഈ മഴക്കാലത്ത് ഹോട്ടലിന്റെ ബോർഡ് വീണ് തകർന്നുപോയ ക്ലാസ് മുറി പുനഃനിർമ്മിച്ച് നൽകാത്തതിൽ പ്രതിഷേധിച്ച് സ്‌കൂൾ വിദ്യാർത്ഥികളുടെ സമരം. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിന് മുന്നിലാണ് ചാലപ്പുറം ഗണപത് ബോയ്‌സ് സ്‌കൂളിലെ കുട്ടികൾ സമരം നടത്തുന്നത്.

ഓഗസ്റ്റ് എട്ടിനാണ് ഹോട്ടലിന്റെ ബോർഡ് കാറ്റിൽ സ്‌കൂളിന്റെ മുകളിലേക്ക് മറിഞ്ഞുവീണ് കെട്ടിടം തകർന്നത്. സ്‌കൂൾ അവധിയായതുകൊണ്ട് ആളപായമുണ്ടാകാതെ രക്ഷപ്പെടുകയായിരുന്നു. ഹോട്ടലിന്റെ ഇരുമ്പ് ബീമുകളും അലുമിനിയം ഷീറ്റുകളും വീണ് കെട്ടിടം പൂർണമായി തകർന്നിരുന്നു. 60 ദിവസത്തിനകം കെട്ടിടം പുനഃനിർമ്മിച്ച് നൽകണമെന്ന് ഹോട്ടലിന് കോർപ്പറേഷൻ നിർദേശം നൽകി. കരാറും തയ്യാറാക്കി. എന്നാൽ നിർമ്മാണം മാത്രം നടന്നില്ല.

ക്ലാസ് മുറി നന്നാക്കി നൽകാമെന്ന് ഹോട്ടൽ അധികൃതർ രേഖാമൂലം അറിയിച്ചതുകൊണ്ട് തന്നെ സ്‌കൂളിന് സർക്കാർ സഹായങ്ങളും ലഭിച്ചില്ല. നിലവിൽ ലൈബ്രറി കെട്ടിടത്തിലാണ് ക്ലാസ് മുറികളും പ്രവർത്തിക്കുന്നത്. എന്നാൽ കോർപ്പറേഷൻ നിർദേശിക്കുന്ന രീതിയിൽ കെട്ടിടം നിർമ്മിക്കാൻ 23 ലക്ഷം രൂപ വേണ്ടിവരുമെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. ഇത്രയും തുക ചെലവിടാനാകില്ലെന്നാണ് ഇവരുടെ നിലപാട്.

അതേസമയം, കെട്ടിടം ഉടൻ പുനഃനിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടലിനു മുന്നിൽ പ്രതിഷേധം ശക്തമാക്കാനാണ് അധ്യാപകരുടേയും കുട്ടികളുടേയും തീരുമാനം.

Exit mobile version