ഷില്‍ന, നമിക്കുന്നു നിന്നെ! രോഗിയെ ചികിത്സിച്ചു വിജയിച്ച സന്തോഷമല്ല ഇന്നുള്ളത്, മറിച്ച് ദൈവം നിയോഗിച്ച മനുഷ്യരുടെ സംതൃപ്തിയാണിപ്പോളുള്ളത്; ഡോക്ടറുടെ കുറിപ്പ്

കോഴിക്കോട്: ഭര്‍ത്താവിന്റെ വിയോഗത്തിന് ശേഷം ഐവിഎഫ് വഴി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ കണ്ണൂര്‍ സ്വദേശിനി ഷില്‍ന സുധാകരനെ ഇന്ന് ലോകമറിയും. ആരും സഞ്ചരിക്കാത്ത വ്യത്യസ്ത വഴിയിലൂടെ നടന്ന് മാതൃകയായിരിക്കുകയാണ്. പ്രിയപ്പെട്ടവന്റെ വിയോഗത്തില്‍ തളരാതെ, വീണ്ടും പുഞ്ചിരിക്കാനുള്ള ഊര്‍ജ്ജം കണ്ടെത്തുകയായിരുന്നു ഷില്‍ന.

ഷില്‍നയുടെയും സുധാകരന്‍ മാഷിന്റെയും മക്കളായ നിയയും നിമയും പിറന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഒന്നാം പിറന്നാളിന്റെ സന്തോഷത്തിനിടയ്ക്ക് ചരിത്രനിയോഗത്തിന് വഴിയൊരുക്കിയ ഡോക്ടറെ കണ്ട് നന്ദി പറയാന്‍ മൂവരും എത്തിയിരുന്നു. ഡോക്ടര്‍ ഷൈജാസ് നായര്‍ തന്നെയാണ് ഷില്‍നയും കുഞ്ഞുങ്ങളെയും കൊണ്ട് എത്തിയ കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഷില്‍നയെ കുറിച്ച് ഷൈജാസ് എഴുതിയ ഹൃദ്യമായ കുറിപ്പ് സോഷ്യല്‍ ലോകത്ത് ശ്രദ്ധേയമായിരിക്കുകയാണ്.

”ഷില്‍ന, നമിക്കുന്നു നിന്നെ!
മാതൃത്വം എന്നും വാഴ്ത്തപ്പെടേണ്ടത് തന്നെ… പക്ഷെ നീ അതിനെ മറ്റൊരു തലത്തിലേക്കാണെത്തിച്ചത്…

രോഗിയാണെന്നറിഞ്ഞാല്‍, ശാരീരികമായി തളര്‍ച്ച ബാധിച്ചു എന്നറിഞ്ഞാല്‍, എന്തിനു വന്ധ്യത ഉണ്ടെന്നറിഞ്ഞാല്‍ പോലും സ്വന്തം പങ്കാളിയെ വിട്ടുപോവുന്ന ഒരു കാലം….
അത്തരം ഒരു കാലഘട്ടത്തില്‍ തന്നെയല്ലേ നീയും ജീവിച്ചിരുന്നത്?

എന്നിട്ടും, ഒരു സാധാരണ മനുഷ്യന് ചിന്തിക്കാന്‍ പറ്റുന്നതിലും ഒരുപാട് മേലെ, എങ്ങനെ നിനക്കു ചിന്തിക്കാന്‍ കഴിഞ്ഞു?

മറ്റൊരാള്‍ക്കും എടുക്കാന്‍ പറ്റാത്ത തീരുമാനങ്ങളിലേക്കു എത്തിച്ചേരാന്‍, നിനക്കും കുടുംബത്തിനും എങ്ങനെ സാധിച്ചു?

ഓരോ വട്ടം നിന്നെ കാണുമ്പോളും ചോദിക്കാന്‍ മനസ്സില്‍ കൊണ്ട് നടന്ന ചോദ്യങ്ങളാണ് ഇവ….

പക്ഷെ ഒരിക്കലും അതങ്ങു ചോദിക്കാന്‍ സാധിച്ചില്ല, അല്ലേല്‍ ചോദിക്കാന്‍ മനസ്സ് വന്നില്ല!

അധികം സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത, എന്നാല്‍ എഴുതാന്‍ ഇഷ്ടപെടുന്നവളാണേ, നമ്മുടെ ഈ ഷില്‍ന. അതുകൊണ്ട് തന്നെ ഞാന്‍ ചോദിച്ചിരുന്നേലും, ഇതിനൊക്കെയുള്ള മറുപടി, എല്ലാം അടക്കിവച്ചുള്ള, കണ്ണ് നിറഞ്ഞുള്ള, ഒരു ചിരിയായിരുന്നേനെ…

അവിടെയാണ് ഷില്‍ന, നീ നമ്മുക്കെല്ലാം പ്രിയപെട്ടവളായി മാറുന്നത്, ഈ സമൂഹത്തിനു തന്നെ ഒരു മാതൃകയായി മാറുന്നത്!

അങ്ങനെ നിന്റെ ചക്കരക്കുട്ടികളുടെ ഒന്നാം പിറന്നാളും വന്നെത്തി….

അവരുടെ കാര്യങ്ങളും, ബാങ്കിലെ ഉത്തരവാദിത്വങ്ങളും, എല്ലാം കൂടിയ തിരക്കിനിടയിലും, നീ ഞങ്ങളെ കാണാന്‍ ARMC യില്‍ എത്തിയില്ലേ?
അതാണ് നിന്റെ മനസ്സ് !

നിന്നെയും കുടുംബത്തെയും വീണ്ടും കണ്ടപ്പോള്‍, അറിയാതെ തന്നെ മനസ്സ് ഫ്‌ലാഷ്ബാക്ക് മോഡിലേക്ക് പോയി….

അകാലത്തില്‍ നിന്നെ വിട്ടുപോയ പ്രിയതമന്റെ ബീജം ഉപയോഗിച്ചുണ്ടായ ഭ്രൂണത്തെ ഗര്‍ഭാശയത്തിലേക്ക് സ്വീകരിക്കാന്‍ നീ തീരുമാനിക്കുന്നു…..
അപ്പോള്‍ തന്നെ നിനക്കറിയാമായിരുന്നില്ലേ ഇനി മുന്നോട്ടുള്ള വഴികള്‍ ഇതിനു മുന്‍പ് ആരും സഞ്ചരിച്ചിട്ടുള്ളവയല്ല എന്ന്? എന്നിട്ടും ധൈര്യം സംഭരിച്ചു നീയും കുടുംബവും മുന്നോട്ട് തന്നെ നീങ്ങി…

രക്ത ടെസ്റ്റില്‍ പോസിറ്റീവ് റിസള്‍ട്ട് വന്ന നിമിഷം മുതല്‍, ഏറെക്കുറെ എന്റെ ഓര്‍മയിലുണ്ട് നിന്റെ ഗര്‍ഭകാല ചെക്കപ്പുകള്‍ എല്ലാം തന്നെ….

ഗര്‍ഭിണിയായ ഒരു സ്ത്രീക്ക് ആദ്യ മാസങ്ങളില്‍ ഉണ്ടായേക്കാവുന്ന, എന്നാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ തന്നെ നേരിടാവുന്ന പ്രശ്‌നങ്ങള്‍ മാത്രമായിരുന്നു നിനക്കും.. പക്ഷെ നിന്റെ അപ്പോഴത്തെ മാനസികാവസ്ഥയില്‍ അത് നിന്നെ എത്രത്തോളം ബാധിക്കുന്നുണ്ടായിരുന്നു എന്ന് ഞാനറിഞ്ഞിരുന്നു…..

‘ഇതൊക്കെ നേരിടാന്‍ നിനക്കു അനായാസമായി കഴിയും’ എന്ന് നിന്നോട് പറയുമ്പോഴും, അതിനു വേണ്ട ശക്തി ഇവള്‍ക്ക് കൊടുക്കണേ എന്നുള്ള പ്രാര്‍ത്ഥനയായിരുന്നു മനസ്സില്‍….

കണ്‍സള്‍ട്ടിങ് റൂമില്‍ എനിക്ക് മുന്നില്‍ എത്തിയത് കുടുംബത്തോടൊപ്പമായിരുന്നു….
മിനുട്ടുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ നീണ്ടു നിന്ന നമ്മുടെ സംഭാഷണങ്ങള്‍….
അത് വെറും ഗര്‍ഭകാല ചെക്കപ്പുകള്‍ മാത്രമായിരുന്നില്ല, ഒരു വിശദമായ കൗണ്‍സിലിങ് സെഷന്‍ തന്നെ ആയിരുന്നു….

ആദ്യ മാസങ്ങളിലെ ഛര്‍ദിയും, നെഞ്ചേരിച്ചിലും, പിന്നെയുള്ള മാസങ്ങളില്‍ കാണപ്പെട്ട കാലിലെ നീരും, ഇരട്ട കുട്ടികളായതിനാലുള്ള വലിയ വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും എല്ലാം നിന്റെ ജീവിതം ദുഷ്‌കരമാക്കിയിരുന്നു….

നിന്റെ ധൈര്യം ചോര്‍ന്നു പോകാതിരിക്കാന്‍ വേണ്ടി, നിന്റെ പ്രശ്‌നങ്ങള്‍ അത്ര വലുതല്ല എന്ന തോന്നലുളവാക്കാന്‍ വേണ്ടി മാത്രം, മറ്റു പലരുടെയും ഗര്‍ഭകാല കഥകള്‍ നര്‍മം ചേര്‍ത്ത് നിനക്കു മുന്നില്‍ അവതരിപ്പിക്കുമ്പോഴെല്ലാം, എന്റെ ഉള്ളില്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു നീറ്റലായിരുന്നു…..

ഒരു രോഗിയെ ചികിത്സിച്ചു വിജയിച്ച ഒരു ഡോക്ടറുടെ സന്തോഷമല്ല ഇന്ന് നമുക്കുള്ളത്. മറിച്ചു നിന്റെ ആ വലിയ തീരുമാനത്തിന് കൂട്ടു നില്‍ക്കാന്‍ ദൈവം നിയോഗിച്ച ഒരു കൂട്ടം മനുഷ്യരുടെ സംതൃപ്തിയാണിപ്പോള്‍ നമുക്ക്….”

ഷില്‍ന നമിക്കുന്നു നിന്നെ !
Dr ഷൈജസ്
ARMC IVF സെന്റർ,
കണ്ണൂർ

Exit mobile version