ടോള്‍ നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; യാത്രക്കാരന്‍ സുരക്ഷാ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച് അവശനാക്കി

ടോള്‍ ബൂത്തിലുണ്ടായിരുന്ന സിസിടിവി ക്യാമറയില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്

ഡല്‍ഹി: ടോള്‍ നല്‍കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് യാത്രക്കാരന്‍ സുരക്ഷാ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചു. ഹരിയാനയിലെ ടോള്‍ ബൂത്ത് പ്ലാസയിലാണ് സംഭവം. ടോള്‍ ബൂത്തിലുണ്ടായിരുന്ന സിസിടിവി ക്യാമറയില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

ടോള്‍ നല്‍കുന്നതിനെചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാവുകയും യാത്രക്കാരന്‍ സുരക്ഷാ ഉദ്യോഗസ്ഥനെ മര്‍ദിക്കുകയുമായിരുന്നു. വൈറ്റ് ടീ ഷര്‍ട്ട് ധരിച്ചെത്തിയയാളാണ് സുരക്ഷാ ജീവനക്കാരനോട് തര്‍ക്കിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതെന്ന് സിസിസടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മാരുതി സുസുക്കി എര്‍ട്ടിഗയില്‍ ഇയാള്‍ക്കൊപ്പമെത്തിയ മറ്റൊരാളും പുറത്തിറങ്ങി ജീവനക്കാരനെ മര്‍ദ്ദിക്കാന്‍ ഒപ്പം കൂടി. സമീപത്തുണ്ടായിരുന്ന ഡ്രം ഉപയോഗിച്ച് ജീവനക്കാരന്റെ തലക്കടിച്ചു. ഇതോടെ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ടോള്‍ ബൂത്തിലെ മറ്റുജീവനക്കാര്‍ ഓടിയെത്തി ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും ഇരുവരും ആക്രമണം തുടരുകയായിരുന്നു. മറ്റുള്ളവര്‍ ചോദ്യം ചെയ്തപ്പോഴും തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നായിരുന്നു യാത്രക്കാരന്റെ ന്യായീകരണം.

Exit mobile version