സെക്രട്ടറിയേറ്റിന് അതീവ സുരക്ഷ ഏര്‍പ്പെടുത്തി; സുരക്ഷാ ചുമതല ഇന്ന് മുതല്‍ എസ്‌ഐഎസ്എഫ് സേനയ്ക്ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് അതീവ സുരക്ഷ ഏര്‍പ്പെടുത്തി. സുരക്ഷാ ചുമതല ഇന്ന് മുതല്‍ എസ്‌ഐഎസ്എഫ് സേനയുടെ നേതൃത്വത്തില്‍. പ്രതിഷേധങ്ങളുടെ അടക്കം പശ്ചാത്തലത്തിലാണ് സെക്രട്ടറിയേറ്റിന് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ന് മുതല്‍ വിഐപി പ്രവേശനം അനുവദിക്കുന്ന പ്രത്യേക ഗേറ്റിലൂടെ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം ഉണ്ടായിരിക്കില്ല. പൊതുജനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കി. പാസ് ഉള്ളവരെ സുരക്ഷ ഉദ്യോഗസ്ഥര്‍ അതാത് ഓഫീസുകളില്‍ എത്തിക്കും. ക്യുആര്‍ കോഡിങ്ങും, സ്‌കാനര്‍ സംവിധാനവുമടക്കം ഏര്‍പ്പെടുത്തി പ്രവേശനം നിയന്ത്രിക്കും.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധങ്ങള്‍ ശക്തമായതും, ക്ലിഫ് ഹൗസിന് മുന്നില്‍ സുരക്ഷ വീഴ്ചയുണ്ടായതും കണക്കിലെടുത്താണ് പോലീസ് നടപടി. സായുധ സേനയായ സംസ്ഥാന വ്യവസായ സുരക്ഷ സേനയിലെ 81 പേരെയാണ് സെക്രട്ടറിയേറ്റ് പരിസരത്തടക്കം വിന്യസിക്കുക. വനിത ബറ്റാലിയനിലെ ഒമ്പത് പേരും സംഘത്തിലുണ്ട്. 81 പേരെയും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ 3 വര്‍ഷത്തേക്കാണ് എസ്‌ഐഎസ്എഫില്‍ നിയമിച്ചിരിക്കുന്നത്. എസ്‌ഐഎസ്എഫ് കമാന്‍ഡന്റ് മുന്‍പാകെ ഇന്ന് ഹാജരായ ശേഷമാണ് ഇവരെ വിന്യസിക്കുക.

Exit mobile version