പി ജയരാജൻ ബിജെപിയിലേക്ക് എന്ന വ്യാജ വാർത്തയ്ക്ക് പിന്നിൽ മലപ്പുറത്തെ ഫേസ്ബുക്ക് ഗ്രൂപ്പുകൾ; വെളിപ്പെടുത്തി പേലീസ്

അമിത് ഷായ്ക്ക് പി ജയരാജൻ ബൊക്കെ നൽകി സ്വീകരിക്കുന്നെന്ന രീതിയിൽ ചിത്രം മോർഫ് ചെയ്താണ് ഈ പോസ്റ്റ് പ്രചരിപ്പിച്ചത്.

മലപ്പുറം: സിപിഎം സംസ്ഥാനസമിതി അംഗം പി ജയരാജൻ ബിജെപിയിൽ ചേരുമെന്ന വ്യാജവാർത്തയ്ക്ക് പിന്നിൽ മലപ്പുറത്തുനിന്നുള്ള രണ്ട് ഫേസ്ബുക്ക് ഗ്രൂപ്പുകളെന്ന് പോലീസ്. നിലപാട്, പച്ചപ്പട എന്നീ ഗ്രൂപ്പുകളാണ് പ്രചാരണത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഫേസ്ബുക്ക് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിലാണ് പി ജയരാജൻ ബിജെപിയിൽ ചേരുമെന്ന വ്യാജപ്രചാരണം നടന്നത്.

ഹമീദ് കൊണ്ടോട്ടി എന്നയാളാണ് നിലപാട് എന്ന പേജിലൂടെ ഇതുസംബന്ധിച്ച പോസ്റ്റ് ആദ്യമായി ഇടുന്നത്. തുടർന്ന് ഈ പോസ്റ്റ് പച്ചപ്പട എന്ന ഗ്രൂപ്പിൽ ഷെയർ ചെയ്യപ്പെടുകയായിരുന്നു. അമിത് ഷായ്ക്ക് പി ജയരാജൻ ബൊക്കെ നൽകി സ്വീകരിക്കുന്നെന്ന രീതിയിൽ ചിത്രം മോർഫ് ചെയ്താണ് ഈ പോസ്റ്റ് പ്രചരിപ്പിച്ചത്.

എന്നാൽ വ്യാജപ്രചാരണം ശക്തമായതോടെ ഇക്കാര്യം നിഷേധിച്ച് പി ജയരാജൻ തന്നെ രംഗത്തെത്തിയിരുന്നു. വ്യാജപ്രചാരണത്തിന് പിന്നിൽ സംഘപരിവാരവും മുസ്ലീം തീവ്രവാദികളുമാണെന്ന് ജയരാജൻ ആരോപിച്ചിരുന്നു. പത്രങ്ങൾ പ്രസിദ്ധീകരിക്കാത്തതിന്റെ തലേദിവസം ഭീകരമായ കൊലപാതകങ്ങൾ നടത്തുന്നതുപോലെയാണ് ഇത്തരത്തിലൊരു പ്രചാരണം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Exit mobile version