പൂരങ്ങളുടെ പൂര നഗരിയില്‍ ഇന്ന് പുലികളിറങ്ങും

വിയ്യൂര്‍ ദേശം, കോട്ടപ്പുറം സെന്റര്‍, തൃക്കുമാരംകുടം, വിയ്യൂര്‍ സെന്റര്‍, അയ്യന്തോള്‍, കോട്ടപ്പുറം ദേശം തുടങ്ങിയ സംഘങ്ങളാണ് ഇറങ്ങുന്നത്.

തൃശ്ശൂര്‍: പൂരങ്ങളുടെ പൂര നഗരിയില്‍ ഇന്ന് പുലികളിറങ്ങും. വൈകീട്ട് 4.30 മുതലാണ് മുന്നൂറോളം പുലികള്‍ നഗരം കീഴടക്കുന്നത്. വിയ്യൂര്‍ ദേശം, കോട്ടപ്പുറം സെന്റര്‍, തൃക്കുമാരംകുടം, വിയ്യൂര്‍ സെന്റര്‍, അയ്യന്തോള്‍, കോട്ടപ്പുറം ദേശം തുടങ്ങിയ സംഘങ്ങളാണ് ഇറങ്ങുന്നത്. കാഴ്ചക്കാരെ ആവേശത്തിലാഴ്ത്തി താളമേളങ്ങള്‍ക്കൊപ്പം ചുവടുവെക്കുന്ന പുലികള്‍ മടങ്ങുന്നതോടെയാണ് തൃശ്ശൂരിന്റെ ഓണത്തിന് സമാപനമാകുന്നത്.

വ്യത്യസ്ഥമായ കൗതുകങ്ങളും നിറങ്ങളുമാണ് ഓരോ ദേശക്കാരുടെയും പുലികളില്‍ കാണാന്‍ കഴിയുന്നത്. ഒന്നാംസ്ഥാനത്തിന് 40,000 രൂപയും രണ്ടാംസ്ഥാനത്തിന് 30,000 രൂപയും മൂന്നാംസ്ഥാനത്തിന് 25,000 രൂപയുമാണ് സംഘങ്ങള്‍ക്ക് സമ്മാനമായി ലഭിക്കുക. കൂടാതെ ഓരോ സംഘത്തിനും ഒന്നരലക്ഷം രൂപ വീതവും ലഭിക്കും. ഏറ്റവും നല്ല പുലിച്ചമയത്തിന് ബാനര്‍ജി ക്ലബ്ബ് നല്‍കുന്ന 5000 രൂപ ഉപഹാരമുണ്ട്. 18 ലക്ഷം രൂപയാണ് കോര്‍പ്പറേഷന്‍ പുലിക്കളിക്കായി ചെലവഴിക്കുന്നത്.

ഓരോ ടീമിലും 35 മുതല്‍ 51 വരെ ആളുകളുണ്ടാകും. എംഒ റോഡ്, പാറമേക്കാവ്, നടുവിലാല്‍ എന്നിങ്ങനെ റൗണ്ടില്‍ മൂന്ന് ജഡ്ജ്‌മെന്റ് പോയിന്റുകളാണുള്ളത്. ആദ്യ പുലിക്കളിസംഘത്തെ 4.30ന് ബിനി ജംക്ഷനില് ഫ്‌ലാഗ് ഓഫ് ചെയ്യും. പാലസ് റോഡിലൂടെ ഒരു സംഘവും ബാക്കി നാലു സംഘങ്ങള്‍ എംജി റോഡിലൂടെയും വന്നു സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും. ഉച്ചയ്ക്ക് 12 മുതല് രാത്രി 10 വരെ നഗരത്തില് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. ഇത്തവണ നഗരം കീഴടക്കാന്‍ മൂന്ന് പെണ്‍പുലികളുമുണ്ട്.

tigers will arrive in thrissur today

Exit mobile version