‘ഓര്‍മ്മപ്പൂക്കാലം’;ഓണപ്പാട്ടൊരുക്കി ഓണാശംസകളുമായി കൊച്ചി സിറ്റി പോലീസ്

ഗാനത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സെന്‍ട്രല്‍ സ്റ്റേഷന്‍ സിപിഒ സലീഷ് കരിക്കന്‍ ആണ്

ഓണപ്പാട്ടൊരുക്കി കാക്കിക്കുള്ളിലെ കലാഹൃദയം വെളിപ്പെടുത്തി കൊച്ചി സിറ്റി പോലീസ്. മലയാളികള്‍ക്ക് ഓണസമ്മാനമായി ഓര്‍മ്മപ്പൂക്കാലം എന്ന മ്യൂസിക്കല്‍ വീഡിയോയുമായാണ് കൊച്ചി സിറ്റി പോലീസ് ഇത്തവണ എത്തിയത്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ കലാഹൃദയമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയാണ് ഓര്‍മ്മപ്പൂക്കാലം എന്ന ഈ മ്യൂസിക്കല്‍ വീഡിയോ ആല്‍ബത്തിന്റെ പിന്നണിയില്‍.

ഫേസ്ബുക്ക് പേജിലൂടെ കേരളപോലീസാണ് വീഡിയോ ഗാനം പങ്കുവെച്ചിരിക്കുന്നത്. ഓണാശംസകളുമായി
കൊച്ചി സിറ്റിപോലീസ് എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് ഗാനം പങ്കുവെച്ചത്. സെന്‍ട്രല്‍ സ്റ്റേഷന്‍ എസ് സിപിഒ മനോജ്കുമാര്‍ കാക്കൂരിന്റെ വരികള്‍ക്ക് യുവ സംഗീത സംവിധായകന്‍ ശരത് മോഹനാണ് ഈണം നല്‍കിയിരിക്കുന്നത്. സെന്‍ട്രല്‍ സിഐ എസ്.വിജയശങ്കരാണ് ഗാനം ആലപിച്ചിച്ചിരിക്കുന്നത്. ഗാനത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സെന്‍ട്രല്‍ സ്റ്റേഷന്‍ സിപിഒ സലീഷ് കരിക്കന്‍ ആണ്.

പാലാരിവട്ടം സ്റ്റേഷനിലെ എസ് സിപിഒ സുരേഷ് വിജയനും , സെന്‍ട്രല്‍ സ്റ്റേഷനിലെ എസ് സിപിഒമാരായ റോബിന്‍ ഇഗ്‌നേഷ്യസ് , എബി സുരേന്ദ്രന്‍, സിപിഒ സാബു പി.റ്റി , എഎസ്‌ഐ ജോസഫ് വിജെ തുടങ്ങിയവരും അവരവരുടെ വേഷം അന്വര്‍ത്ഥമാക്കി. വിനോദ് ആദിത്യ ക്യാമറ ചെയ്തിരിക്കുന്നത്. ധനുഷ് എംഎച്ച് ഓര്‍ക്കസ്‌ട്രേഷനും, അഭിഷേക് കണ്ണന്‍ എഡിറ്റിംഗും, ജിദു സുതന്‍ സഹ സംവിധാനവും നിര്‍വഹിച്ചു.

Exit mobile version