ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്ത് ആർഎസ്എസ് കൈയ്യേറിയത്; പുഷ്പാഞ്ജലി സ്വാമിയാർക്ക് ആശ്വാസമായി തഹസിൽദാറുടെ റിപ്പോർട്ട്

പുഷ്പാഞ്ജലി സ്വാമിയാർ തനിക്ക് പൂജയ്ക്കും താമസിക്കാനുമായി നൽകിയ ഇടം കൈയ്യേറിയതിനെതിരെ സമരം തുടങ്ങിയതോടെയാണ്

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭൂമി ആർഎസ്എസ് കൈയ്യേറിയാണ് ബാലസദൻ പ്രവർത്തിപ്പിക്കുന്നതെന്ന് തഹസിൽദാർ കണ്ടെത്തി. കോട്ടയ്ക്കകത്ത് അനന്തശായി ബാലസദനമായി പ്രവർത്തിപ്പിക്കുന്ന കെട്ടിടം ക്ഷേത്രം വക സ്വത്താണെന്നും ഇത് ആർഎസ്എസ് കൈയേറിയതാണെന്നും തഹസിൽദാറുടെ റിപ്പോർട്ടിൽ പറയുന്നു. ഈ സ്ഥലം മുഞ്ചിറ മഠത്തിന്റെ പേരിലാണെന്നാണ് തഹസിൽദാരുടെ റിപ്പോർട്ട്. നേരത്തെ ക്ഷേത്രത്തിലെ ചടങ്ങുകളിൽ പ്രധാന പങ്കുവഹിക്കുന്ന മുഞ്ചിറ മഠത്തിലെ പുഷ്പാഞ്ജലി സ്വാമിയാർ തനിക്ക് പൂജയ്ക്കും താമസിക്കാനുമായി നൽകിയ ഇടം കൈയ്യേറിയതിനെതിരെ സമരം തുടങ്ങിയതോടെയാണ് സംഭവം ചർച്ചയായത്.

ഈ സ്ഥലവും കെട്ടിടവും തിരികെ നൽകണമെന്നാവശ്യപ്പട്ട് പുഷ്പാഞ്ജലി സ്വാമിയാർ മുഖ്യമന്ത്രിക്കും കളക്ടർക്കും ഉൾപ്പെടെ പരാതി നൽകിയിരുന്നു. തുടർന്നാണ് തഹസിൽദാരോട് റിപ്പോർട്ട് നൽകാൻ കളക്ടർ ആവശ്യപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കെട്ടിടത്തിന്റെ രേഖകൾ, വൈദ്യുതി കണക്ഷൻ എന്നിവ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിലാണെന്ന് തഹസിൽദാർ കണ്ടെത്തി. അനന്തശായി ബാലസദനത്തിന് കെട്ടിടവുമായി ബന്ധപ്പെട്ട രേഖകളൊന്നും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.ക്ഷേത്രത്തിന്റെ ആവശ്യത്തിനായി രാജഭരണകാലത്ത് നൽകിയ ശ്രീപണ്ടാരംവക ഭൂമിയാണിതെന്നും തഹസിൽദാർ ജികെ സുരേഷ് കുമാറിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഈ സ്ഥലവും കെട്ടിടവും തിരികെ നൽകണമെന്നാവശ്യപ്പെട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദ തീർഥ നടത്തുന്ന നിരാഹാര സമരം അഞ്ച് ദിവസം പിന്നിട്ടു. ക്ഷേത്രത്തിലെ ചടങ്ങുകളിൽ പ്രധാന പങ്കുവഹിക്കുന്ന മുഞ്ചിറ മഠത്തിലെ പുഷ്പാഞ്ജലി സ്വാമിയാർക്ക് താമസിക്കാനും പൂജകൾ നടത്താനുമാണ് കെട്ടിടം നൽകിയിരുന്നത്. ഈ കെട്ടിടത്തിൽ രണ്ട് മുൻ സ്വാമിമാരുടെ സമാധി പീഠങ്ങളുണ്ട്. ഇവിടെയാണ് ആചാരപ്രകാരം പൂജ നടത്തേണ്ടത്. ഇടയ്ക്ക് കുറേക്കാലത്ത് മുഞ്ചിറ മഠത്തിന് പുഷ്പാഞ്ജലി സ്വാമിയാർ ഉണ്ടായിരുന്നില്ല. ഈ സമയത്താണ് ആർഎസ്എസിന്റെ മേൽനോട്ടത്തിലുള്ള ബാലസദനം അധികൃതർ കൈയേറിയത്. ആചാരപ്രകാരമുള്ള ചാതുർമാസപൂജ നടത്താൻ സ്ഥാപന ഉടമകൾ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് സ്വാമിയാർ നിരാഹാര സമരം നടത്തുന്നത്. കെട്ടിടത്തിന് മുന്നിൽ നിരാഹാരം അനുഷ്ഠിക്കുന്ന സ്വാമിയെ ആർഎസ്എസുകാർ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. സ്വാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേയർ വികെ പ്രശാന്ത് മുഞ്ചിറ മഠത്തിന് മുന്നിലെത്തി സ്വാമിയെ സന്ദർശിച്ച് വിവരങ്ങൾ ആരായുകയും ചെയ്തു.

Exit mobile version