‘തുമ്പയും തുമ്പിയും’ കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ഓണപ്പാട്ടുമായി തൃശ്ശൂര്‍ സിറ്റി പോലീസ്, കാക്കിക്കുള്ളിലെ കലാകാരന്മാര്‍ക്ക് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെയും ഒരു പറ്റം പോലീസുകാരുടെയും ഒത്തു ചേരലില്‍ നല്ലൊരു ഓണപ്പാട്ട് തന്നെ എത്തി.

തൃശ്ശൂര്‍: ഓണാഘോഷത്തിന്റെ ലഹരിയിലാണ് ഇന്ന് മലയാളക്കര. സദ്യയൊരുക്കിയും പൂക്കളമിട്ടും ആര്‍പ്പ് വിളിച്ചും സംസ്ഥാനം ഓണത്തെ വരവേല്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഓണപ്പാട്ടുമായി രംഗത്തു വന്നിരിക്കുകയാണ് തൃശ്ശൂര്‍ സിറ്റി പോലീസ്. കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെയും ഒരു പറ്റം പോലീസുകാരുടെയും ഒത്തു ചേരലില്‍ നല്ലൊരു ഓണപ്പാട്ട് തന്നെ എത്തി.

സംഭവം സിറ്റി പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേര്‍ ആശംസകളുമായി രംഗത്തെത്തി. വെസ്റ്റ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സലീഷ് എന്‍ ശങ്കരന്‍ രചിച്ച ഗാനം ആലപിച്ചതും ഈണമിട്ടതും കാസര്‍കോട് നിന്നുള്ള ആദിവാസി യുവാവായ കുഞ്ഞികൃഷ്ണനാണ്. ഗാനത്തില്‍ പോലീസ് ഉദ്യോഗസ്ഥരും കുടുംബങ്ങളും നിറയുന്നുണ്ട്. തുമ്പതീര്‍ത്ത പൂക്കളം പുതു ഗന്ധമായി ഭൂമിയില്‍ എന്ന് തുടങ്ങുന്ന ഗാനം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

ആദിമസംസ്‌കാരത്തിന്റെ നേരവകാശികളായ വനവാസി സമൂഹത്തിന്റെ നന്മകളൊപ്പിയ ഒരു ഓണപാട്ട് എന്ന് പറഞ്ഞുകൊണ്ടാണ് ഗാനം പങ്കുവെച്ചിരിക്കുന്നത്. അന്യമായ ഗോത്രസംസ്‌കൃതിയുടെ ഉള്‍കാമ്പുള്ള ഓര്‍മ്മകളിലേക്കും, ഗൃഹാതുരമായ നന്മകളിലേക്കും കടന്നുകയറുന്ന സുന്ദര വരികളെന്നും ഉദ്യോഗസ്ഥര്‍ കുറിച്ചു.

Exit mobile version