വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് തുക വര്‍ധിപ്പിക്കണം, ന്യൂനപക്ഷക്ഷേമ പദ്ധതികളുടെ വിഹിതം കൂട്ടണം: വിവിധ ആവശ്യങ്ങളുന്നയിച്ച് മന്ത്രി കെടി ജലീല്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ആവശ്യങ്ങളുന്നയിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍ കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം, വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ സ്‌കോളര്‍ഷിപ്പുകള്‍, ന്യൂനപക്ഷക്ഷേമത്തിനുള്ള വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവതരിപ്പിച്ചു. മുന്‍കാലത്ത് വയനാട് ജില്ലയിലെ നാല് ബ്ലോക്കുകളും മലപ്പുറം ജില്ലയിലെ പൊന്നാനി ടൗണും മാത്രമായിരുന്നു പദ്ധതിയില്‍ ഉണ്ടായിരുന്നത്. ആ പദ്ധതി കേരളത്തിലെ 12 ജില്ലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും ക്ലസ്റ്ററുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതനുസരിച്ച് ബഡ്ജറ്റ് വിഹിതം കൂട്ടിയിട്ടില്ല എന്ന കാര്യവും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

പദ്ധതി വിഹിതം കൂട്ടുവാനും പിഎംജെവികെ പദ്ധതിയില്‍ ഉള്‍പ്പെടുത്താത്ത തൃശൂര്‍, പത്തനംതിട്ട ജില്ലകളിലെ പിന്നോക്ക പ്രദേശങ്ങളെങ്കിലും മറ്റു ജില്ലകളുമായി ക്ലസ്റ്റര്‍ രൂപീകരിച്ച് ഉള്‍പ്പെടുത്തണമെന്നും ആവശ്യം ഉന്നയിച്ചു. പോസ്റ്റ് മെട്രിക്, പ്രീ-മെട്രിക്, മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് എന്നിവയ്ക്ക് ധാരാളം വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കുന്നുണ്ടെങ്കിലും കേരളത്തിന് ലഭിക്കുന്ന ഫണ്ടിന്റെ അപര്യാപ്തത മൂലം അര്‍ഹരായ ധാരാളം പേരെ ഒഴിവാക്കേണ്ടതായി വരുന്നു. അതിനാല്‍ സ്‌കോളര്‍ഷിപ്പിന്റെ ഓരോ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്ന തുക വര്‍ദ്ധിപ്പിക്കുന്നതിനും അര്‍ഹരായ കൂടുതല്‍ അപേക്ഷകരെ പരിഗണിക്കുന്നതിനും വേണ്ടുന്ന കൂടുതല്‍ തുക അനുവദിക്കുന്നതിനും നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.

കൂടാതെ, പിഎസ്‌സി, യുപിഎസ്‌സി, എസ്എസ്‌സി, ആര്‍ആര്‍ബി, ബിഎസ്ആര്‍ബി തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് പരിശീലനം നല്‍കുന്നതിന് വേണ്ടി ഹോസ്റ്റല്‍ ഉള്‍പ്പടെയുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടുന്ന സാമ്പത്തിക സഹായം അനുവദിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. യൂണിവേഴ്‌സിറ്റികള്‍ക്കു പുറമെ ജില്ലകള്‍ക്കും ഇത്തരം സാമ്പത്തിക സഹായം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേരളത്തില്‍ ഇപ്പോള്‍ തന്നെ ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴില്‍ 24 കോച്ചിംഗ് സെന്ററുകളും, 27 സബ്‌സെന്ററുകളും പ്രവര്‍ത്തിക്കുന്നതിനുള്ള ഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഫ്രീകോച്ചിംഗ്& അലൈഡ് സ്‌കീം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുവാനും ആവശ്യപ്പെട്ടു.

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനോറിറ്റി സ്റ്റഡീസ് എന്ന സ്ഥാപനം തുടങ്ങുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരുന്നു. ഇതിനാവശ്യമായ കേന്ദ്ര സഹായം ലഭ്യമാക്കണം. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്ന സെന്‍ട്രല്‍ മൈനോറിറ്റി യൂണിവേഴ്‌സിറ്റി കേരളത്തില്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന വിവാഹമോചനത്തിന് തടയിടുന്നതിനുവേണ്ടി
ന്യൂനപക്ഷ മേഖലയില്‍ തുടങ്ങിയ വിവാഹപൂര്‍വ്വ കൗണ്‍സിലിംങ് സെന്ററുകള്‍ കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും വ്യാപിപ്പിക്കുന്നതിന് പിഎംജെവികെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയോ പ്രത്യേക കേന്ദ്ര സഹായമായോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നിന്നും ഹജ്ജിന് പോകാന്‍ അപേക്ഷിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അതിന് ആനുപാതികമായി ക്വാട്ട കേരള ത്തിന് ലഭിക്കണമെന്നും നിലവിലുള്ള ക്വാട്ട വര്‍ദ്ധിപ്പിക്കണമെന്നും കോഴിക്കോടുള്ള ഹജ്ജ് ഹൗസില്‍ സിവില്‍ സര്‍വ്വീസ് പരിശീലന കേന്ദ്രം തുടങ്ങുന്നതിനുള്ള കേന്ദ്ര സഹായം ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Exit mobile version