പാലാ ഉപതെരഞ്ഞെടുപ്പ്: ജോസ് ടോം പുലിക്കുന്നേല്‍ പത്രിക സമര്‍പ്പിച്ചു; ‘രണ്ടില’ തര്‍ക്കം തുടരുന്നു

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യുഡിഎഫ് സ്വതന്ത്രനായാണ് ജോസ് ടോം പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. മൂന്ന് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ളാലം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ക്കാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. ജോസ് കെ മാണിയും ഒപ്പമുണ്ടായിരുന്നു.

നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ജോസ് ടോം പത്രിക സമര്‍പ്പിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിയും ഇന്ന് പത്രിക സമര്‍പ്പിക്കും.

അതേസമയം, രണ്ടില ചിഹ്നം നല്‍കാത്തത് വേദനാജനകമെന്ന് ജോസ് കെ മാണി പറഞ്ഞു. പിജെ ജോസഫിന്റെ നിലപാട് പാലായിലെ ജനങ്ങള്‍ക്ക് കടുത്ത വേദനയുണ്ടാക്കി. യുഡിഎഫ് നേതാക്കളുടെ അഭ്യര്‍ഥന ജോസഫ് തള്ളിക്കളഞ്ഞു. രണ്ടില നല്‍കിയാല്‍ സ്വീകരിക്കും, ഇല്ലെങ്കില്‍ നിയമവഴി നോക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

എന്നാല്‍, രണ്ടില ചിഹ്നം അനുവദിക്കില്ലെന്ന നിലപാടില്‍ പിജെ ജോസഫ് ഉറച്ചുനില്‍ക്കുകയാണ്. ചിഹ്നത്തിന് വേണ്ടി ജോസഫിന് മുന്നില്‍ വഴങ്ങേണ്ടെന്ന് ജോസ് വിഭാഗവും തീരുമാനിച്ചിരിക്കുകയാണ്. ചിഹ്നത്തിന്റെ കാര്യം രമ്യതയില്‍ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.

ഇതിനിടെ, സ്വതന്ത്രസ്ഥാനാര്‍ഥിക്കുള്ള ചിഹ്നങ്ങള്‍ ജോസ് ടോം ആവശ്യപ്പെട്ടു. പൈനാപ്പിള്‍, ഓട്ടോറിക്ഷ, ഫുടബോള്‍ എന്നീ ചിഹ്നങ്ങളാണ് ആവശ്യപ്പെട്ടത്. ചിഹ്നം കിട്ടിയില്ലെങ്കില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം കൂടുമെന്ന് ജോസ് ടോം. പിജെ ജോസഫിന് സ്ഥാനാര്‍ഥിയോട് അതൃപ്തിയുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പാലായില്‍ പറഞ്ഞു.

Exit mobile version