പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസ്: മൂന്ന്‌പേര്‍ക്കും ഉത്തരങ്ങള്‍ അയച്ചു; കുറ്റം സമ്മതിച്ച് ഗോകുല്‍

തിരുവനന്തപുരം: പിഎസ്‌സി പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ തട്ടിപ്പ് കേസില്‍ കുറ്റം സമ്മതിച്ച് അഞ്ചാം പ്രതിയായ പോലീസ് ഉദ്യോഗസ്ഥന്‍ ഗോകുല്‍. സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് അക്രമ കേസിലെ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും പ്രണവിനും പരീക്ഷ എഴുതുമ്പോള്‍ മൊബൈല്‍ ഫോണിലൂടെ ഉത്തരങ്ങള്‍ അയച്ചുകൊടുത്തെന്ന് ഗോകുല്‍ ചോദ്യം ചെയ്യലില്‍ ക്രൈംബ്രാഞ്ചിനോട് സമ്മതിക്കുകയായിരുന്നു.

സൗഹൃദ ബന്ധമുള്ളതിനാലാണ് തട്ടിപ്പ് നടത്തിയതെന്ന് ഗോകുല്‍ പറഞ്ഞു. എന്നാല്‍, ചോദ്യ പേപ്പര്‍ എങ്ങനെ കിട്ടിയെന്ന ചോദ്യത്തിന് ഗോകുല്‍ കൃത്യമായ മറുപടി നല്‍കിയില്ല.

അതേസമയം, തന്റെ അമ്മ നടത്തുന്ന പിഎസ്‌സി കോച്ചിങ് സെന്ററില്‍ വെച്ചാണ് കോപ്പിയടിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്ന് ഗോകുല്‍ മൊഴി നല്‍കി.

Exit mobile version