ഉദ്യോഗസ്ഥന്റെ മനപൂര്‍വ്വമായി വീഴ്ച; നാല് സെക്കന്റ് കാരണം നഷ്ടമായത് അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ജോലി; നീതി തേടി അലഞ്ഞ് നിഷ

കൊച്ചി: എറണാകുളം ജില്ലയിലെ നഗരകാര്യ വകുപ്പിലെ ഉദ്യോഗസ്ഥന്റെ മനപൂര്‍വ്വമായ വീഴ്ച കാരണം അര്‍ഹതപ്പെട്ട ജോലി നഷ്ടപ്പെട്ട വേദനയിലാണ് കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണന്‍. കഴിഞ്ഞ നാല് വര്‍ഷമായി അര്‍ഹിച്ച ജോലി നഷ്ടമായതിന്റെ വേദനയില്‍ കഴിയുകയാണ് ഇവര്‍.

നിഷയ്ക്ക് ലഭിക്കേണ്ടിയിരുന്ന ജോലി നാല് സെക്കന്റിന്റെ പേരിലാണ് ഇവര്‍ക്ക് നഷ്ടമായത്. ഒഴിവ് വന്നിട്ടും ഉദ്യോഗസ്ഥന്‍ കൃത്യ സമയത്ത് റിപ്പോര്‍ട്ട് ചെയ്യതിരുന്നതാണ് നിഷയ്ക്ക് ജോലി ലഭിക്കാതിരിക്കാന്‍ കാരണം. നിയമപോരാട്ടവുമായി നിഷ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്നുണ്ടെങ്കിലും ഇതുവരെ നീതി ലഭിച്ചിട്ടില്ല.

2015ല്‍ എറണാകുളം ജില്ലയിലേക്കുള്ള എല്‍ഡി ക്ലര്‍ക്ക് പരീക്ഷയില്‍ 696 ആം റാങ്കുകാരിയായിരുന്നു നിഷ. തസ്തികയിലെ ഒഴിവുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ തന്നെയാണ് ഓരോന്നും ഉദ്യോഗസ്ഥരുടെ പിന്നാലെ നടന്ന് റിപ്പോര്‍ട്ട് ചെയ്യിപ്പിച്ചത്.

2018 മാര്‍ച്ച് 31 നായിരുന്നു ലിസ്റ്റിന്റെ കാലാവധി അവസാനിക്കാനിരുന്നത്. അതിന് മൂന്ന് ദിവസം മുന്നേ, മാര്‍ച്ച് 28 ന്, കൊച്ചി കോര്‍പ്പറേഷനിലുണ്ടായ ഒഴിവും ഇവര്‍ തന്നെയാണ് നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഓഫീലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയത്. എന്നാല്‍, 29നും 30നും ഓഫീസ് അവധി ദിവസങ്ങളായിരുന്നു. 31 ശനിയാഴ്ച വൈകിട്ട് അഞ്ച് മണി വരെ സമയമുണ്ടായിട്ടും ഉദ്യോഗസ്ഥന്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തില്ല. പകരം രാത്രി 12 മണി ആയപ്പോഴാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ തന്റെ ജോലി ചെയ്തത്.

also read- ഗര്‍ഭിണിയായ യുവതി കിണറ്റില്‍ മരിച്ചനിലയില്‍; അന്വേഷണം

പിഎസ്‌സിക്ക് ഇമെയില്‍ ലഭിച്ചതാകട്ടെ 12 മണി കഴിഞ്ഞ് നാല് സെക്കന്റ് പിന്നിട്ടപ്പോഴും. ഇതോടെ അര്‍ധരാത്രിയില്‍ ലിസ്റ്റിന്റെ കാലാവധി കഴിയുകയും നിഷയുടെ ജോലി എന്ന സ്വപ്നം തകരുകയും ചെയ്യുകയായിരുന്നു. പിന്നാലെ പുതിയ ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥിക്ക് ജോലിയും കിട്ടി.

അതേസമയം, 35 വയസ് കഴിഞ്ഞതിനാല്‍ ഇനി പിഎസ്‌സി പരീക്ഷ എഴുതാന്‍ നിഷയ്ക്ക് കഴിയില്ല. അന്ന് തനിക്ക് കണ്‍മുന്നില്‍ നഷ്ടപ്പെട്ട ജോലിക്കായി കോടതി വരാന്തകള്‍ കയറിയിറങ്ങുകയാണ് നിഷ.

സര്‍ക്കാര്‍ ഓഫീസ് വര്‍ക്കിങ് സമയം വൈകുന്നേരം അഞ്ച് മണിക്ക് തീരുമെന്നിരിക്കെ രാത്രി പന്ത്രണ്ട് മണിക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാനുള്ള കാരണം എന്താണെന്ന് നിഷ പല ഉദ്യോഗസ്ഥരോടും ചോദിച്ചുകൊണ്ടിരിക്കുകയാണ്.

Exit mobile version