പാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് ടോമും എന്‍ ഹരിയും ബുധനാഴ്ച പത്രിക സമര്‍പ്പിക്കും

മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ നേരത്തെ തന്നെ പത്രിക സമര്‍പ്പിച്ചിരുന്നു.

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലും എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ഹരിയും ബുധനാഴ്ച പത്രിക സമര്‍പ്പിക്കും.

ബുധനാഴ്ച രാവിലെ കെഎം മാണിയുടെ കബറിടത്തില്‍ എത്തിയ ശേഷമായിരിക്കും ളാലം ബ്ലോക്ക് ഓഫീസിലെത്തി വരാണാധികാരിക്കു മുന്‍പാകെ ജോസ് ടോം പത്രിക സമര്‍പ്പിക്കുന്നത്. രണ്ടു സെറ്റ് പത്രിക യുഡിഎഫ് സ്ഥാനാര്‍ഥി സമര്‍പ്പിക്കും. ആദ്യ സെറ്റ് പത്രിക കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥി എന്ന നിലയിലും രണ്ടാം സെറ്റ് പത്രിക സ്വതന്ത്രനെന്ന നിലയിലുമാണ് സമര്‍പ്പിക്കുന്നത്. ചിഹ്നത്തിന്റെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാലാണ് രണ്ടു സെറ്റ് പത്രിക സമര്‍പ്പിക്കുന്നത്.

എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ഹരി ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം ബുധനാഴ്ച രാവിലെ തന്നെ പത്രിക സമര്‍പ്പിക്കും. മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ നേരത്തെ തന്നെ പത്രിക സമര്‍പ്പിച്ചിരുന്നു.

ആഗസ്റ്റ് 31 നാണ് മാണി സി കാപ്പന്‍ പത്രിക സമര്‍പ്പിച്ചത്. അസിസ്റ്റന്റ് പ്രിസൈഡിങ് ഓഫീസര്‍ ദില്‍ഷാദിന് മുമ്പാകെയാണ് മാണി സി കാപ്പന്‍ പത്രിക സമര്‍പ്പിച്ചത്. 31 ന് രാവിലെ പാല നഗരത്തിലെത്തി ജനങ്ങളുടെ ആശീര്‍വാദം വാങ്ങിയ ശേഷമായിരുന്നു മാണി സി കാപ്പന്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, സിപിഐ ജില്ലാ സി കെ ശശിധരന്‍ മറ്റ് ഇടതുനേതാക്കള്‍ തുടങ്ങിയവരും നാമനിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Exit mobile version