കോളേജിൽ പാകിസ്താൻ പതാക ഉപയോഗിച്ച് റാലി: 30 എംഎസ്എഫ് പ്രവർത്തകർക്ക് എതിരെ കേസ്; എംഎസ്എഫ് പതാക തലതിരിച്ച് കെട്ടിയതെന്ന് വിശദീകരണം

പതാക വീശുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിലെ കോളേജിൽ വിദ്യാർത്ഥികളുടെ റാലിക്കിടെ പാകിസ്താൻ പതാക ഉപയോഗിച്ചെന്ന പരാതിയിൽ മുപ്പത് എംഎസ്എഫ് പ്രവർത്തകർക്കെതിരെ പോലീസ് കേസ്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ പാകിസ്താൻ പതാക ഉപയോഗിച്ചെന്നാണ് പരാതി. പേരാമ്പ്രയിലെ സിൽവർ കോളേജിലാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ക്യാംപസിൽ കെഎസ്‌യു- എംഎസ്എഫ് പ്രവർത്തകർ സംഘടിപ്പിച്ച റാലിയ്ക്കിടെ പാകിസ്താൻ പതാക വീശിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

അതേസമയം, റാലിയിൽ ഉപയോഗിച്ചത് പാകിസ്താന്റെ പതാക അല്ലെന്നും എംഎസ്എഫിന്റെ പതാക തല തിരിച്ച് ഉപയോഗിച്ചതാണ് വിവാദത്തിന് കാരണമെന്നുമാണ് എംഎസ്എഫ് വിശദീകരിക്കുന്നത്. പതാക വീശുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് കണ്ടാലറിയാവുന്ന 30 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തത്.

പോലീസ് നിർദേശത്തെ തുടർന്ന് എംഎസ്എഫ് പ്രവർത്തകർ പതാക സ്റ്റേഷനിൽ ഹാജരാക്കി. പതാക തല തിരിച്ച് ഉപയോഗിച്ചതും എംഎസ്എഫ് എന്ന് എഴുതാതിരുന്നതുമാണ് തെറ്റിദ്ധാരണയുണ്ടാക്കിയതെന്നാണ് നേതാക്കൾ നൽകുന്ന വിശദീകരണം. കേന്ദ്ര ഇന്റലിജൻസ് വിഭാഗവും അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ കോളജിലേക്ക് മാർച്ച് നടത്തി.

Exit mobile version