പിഎസ്‌സി പരീക്ഷയ്ക്ക് ഉപയോഗിച്ച സ്മാർട്ട് വാച്ചുകൾ വാങ്ങിയത് ഭുവനേശ്വറിൽ നിന്നും; ഉപേക്ഷിച്ചത് മൂന്നാറിൽ; ഒടുവിൽ എല്ലാം പറഞ്ഞ് നസീമും ശിവരഞ്ജിതും

തെളിവെടുപ്പിനായി ഇരുവരെയും ക്രൈംബ്രാഞ്ച് മൂന്നാറിലെത്തിച്ചെങ്കിലും വാച്ച് ഉപേക്ഷിച്ച സ്ഥലം കൃത്യമായി കാണിക്കാൻ ഇരുവർക്കുമായില്ല.

തിരുവനന്തപുരം: പിഎസ്‌സിയുടെ സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ തട്ടിപ്പ് നടത്തിയ യൂണിവേഴ്‌സിറ്റി കോളേജിലെ നിസാമും ശിവരഞ്ജിതും സ്മാർട്ട് വാച്ചുകൾ വാങ്ങിച്ചത് ഭുവനേശ്വറിൽ നിന്നാണെന്ന് വെളിപ്പെടുത്തി. പരീക്ഷയിൽ കോപ്പിയടിച്ചതിനു ശേഷം വാച്ചുകൾ മൂന്നാറിൽ ഉപേക്ഷിച്ചതായും ഇരുവരും ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തി. കോപ്പിയടിയുടെ ആസൂത്രകൻ കേസിലെ മറ്റൊരു പ്രതിയായ പ്രണവാണെന്നും ഇവർ പറഞ്ഞതായാണ് റിപ്പോർട്ട്. യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥിയെ കുത്തിയശേഷം നസീമും ശിവരഞ്ജിത്തും ഒളിവിൽ കഴിഞ്ഞത് മൂന്നാറിലായിരുന്നു. തെളിവെടുപ്പിനായി ഇരുവരെയും ക്രൈംബ്രാഞ്ച് മൂന്നാറിലെത്തിച്ചെങ്കിലും വാച്ച് ഉപേക്ഷിച്ച സ്ഥലം കൃത്യമായി കാണിക്കാൻ ഇരുവർക്കുമായില്ല.

യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസിനു പിന്നാലെ ഇരുവരും ഒളിവിൽ കഴിഞ്ഞിരുന്നത് മൂന്നാറിലായിരുന്നു എന്നാണ് വെളിപ്പെടുത്തൽ. മൂന്നാറിലെ ലോഡ്ജിലാണു താമസിച്ചതെന്ന് ഇരുവരും അവകാശപ്പെട്ടെങ്കിലും ഏതു ലോഡ്ജാണെന്ന് അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയില്ല.

എന്നാൽ, ലോഡ്ജിൽ മുറിയെടുത്തില്ലെന്നും ബസ് സ്റ്റാൻഡ് പരിസരത്താണു താമസിച്ചതെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞു. രാവിലെ ബസ്സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിലെത്തി ഫ്രഷായശേഷം നഗരത്തിൽ കറങ്ങി. പിന്നീട് തിരുവനന്തപുരത്തേക്കു തിരിക്കുകയായിരുന്നു. ഇതിനിടെയാണ് കേശവദാസപുരത്തു നിന്നും പിടിയിലായത്. തെളിവെടുപ്പിനുശേഷം ഇരുവരെയും ശനിയാഴ്ച തിരുവനന്തപുരത്തെത്തിച്ച് കോടതിയിൽ ഹാജരാക്കും.

Exit mobile version