കേരളത്തിലെ എല്ലാ ബാങ്കുകളിലും നിക്ഷേപം! ഇസാഫ് ബാങ്കില്‍ എംഎ യൂസഫലി 85.54 കോടിയുടെ നിക്ഷേപം നടത്തി

കേരളം ആസ്ഥാനമായ എല്ലാ ബാങ്കുകളിലും നിക്ഷേപം നടത്തി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി.

കൊച്ചി: കേരളം ആസ്ഥാനമായ എല്ലാ ബാങ്കുകളിലും നിക്ഷേപം നടത്തി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ഇസാഫ് ബാങ്കില്‍ 85.54 കോടിരൂപയുടെ നിക്ഷേപം എംഎ യൂസഫലി നടത്തിയതോടെയാണ് ഈ നേട്ടം കൈവരിച്ചത്. ഇസാഫിന്റെ 4.99% ഓഹരി ഇതോടെ അദ്ദേഹത്തിനു സ്വന്തമാകും.

കാത്തലിക് സിറിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവിടങ്ങളിലാണു നിലവില്‍ നിക്ഷേപമുള്ളത്. ദോഹ ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയിലും അദ്ദേഹത്തിന് 6.8% ഓഹരിയുണ്ട്. കാത്തലിക് സിറിയന്‍ ബാങ്കിന്റെ ആസ്ഥാനം തൃശൂരില്‍ നിന്നു മാറ്റുവാന്‍ ശ്രമിച്ചാല്‍ താന്‍ എതിര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ബ്രിട്ടനില്‍ ഭക്ഷ്യ സംസ്‌ക്കരണ രംഗത്ത് വന്‍ നിക്ഷേപത്തിന് ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ്. ബര്‍മ്മിംഗ്ഹാമില്‍ ഭക്ഷ്യ സംസ്‌ക്കരണ പ്‌ളാന്റ് സ്ഥാപിക്കും. 500 കോടി രൂപയാണു നിക്ഷേപം. ഫാക്ടറിക്കുള്ള സ്ഥലത്തിന് 200 കോടി ചെലവുണ്ട്. രണ്ടും ചേര്‍ത്ത് 700 കോടിയുടെ ബ്രഹത്തായ നിക്ഷേപമാണിതെന്ന് യൂസഫലി പറഞ്ഞു. ലോകമാകെ 22 രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന 154 മാളുകളിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ അയയ്ക്കുക ഇവിടെ നിന്നായിരിക്കും.

കൊച്ചി മറൈന്‍ ഡ്രൈവില്‍ ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ലുലു മാള്‍ 2019 ജനുവരിയില്‍ തുറക്കും. തൃശൂര്‍ തൃപ്രയാറിലെ വൈമാള്‍ ഏതാനും മാസങ്ങള്‍ക്കകം തുറക്കുമെന്നും യൂസഫലി അറിയിച്ചു.

Exit mobile version