ഇനി വിവാഹമോചനവും രജിസ്റ്റർ ചെയ്യണം

സബ് രജിസ്ട്രാർ ഓഫീസിലും തദ്ദേശസ്ഥാപനങ്ങളിലും ഇത് നടപ്പാക്കാൻ ഉത്തരവുകളും നിയമഭേദഗതിയും വേണം.

തിരുവനന്തപുരം: വിവാഹം രജിസ്റ്റർ ചെയ്യുന്നതുപോലെ തന്നെ ഇനി മുതൽ വിവാഹമോചനവും രജിസ്റ്റർ ചെയ്യപ്പെടും. സംസ്ഥാനത്ത് പുതിയ നിയമരേഖയ്ക്ക് സാധ്യത തേടുകയാണ് നിയമവകുപ്പ്. ഹൈക്കോടതി സിംഗിൾബെഞ്ച് വിധിയെത്തുടർന്നാണ് നിയമവകുപ്പ് ഇതിന്റെ സാധ്യത പരിശോധിക്കുന്നത്. വിവാഹമോചനം രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ജിതിൻ വർഗീസ് പ്രകാശ് എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താക്ക് ഹർജിക്കാരന് അനുകൂലമായി വിവാഹംപോലെ വിവാഹമോചനവും രജിസ്റ്റർചെയ്യണമെന്ന് വിധിക്കുകയായിരുന്നു.

1897 ആക്ട് 21-ാം വകുപ്പും 2008-ലെ കേരള വിവാഹ രജിസ്‌ട്രേഷൻ നിയമവും അനുസരിച്ചാകും വിവാഹമോചനം രജിസ്റ്റർചെയ്യുക. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സബ്‌രജിസ്ട്രാർ ഓഫീസിലും വിവാഹ രജിസ്‌ട്രേഷൻ നിയമപ്രകാരം അതത് തദ്ദേശ സ്ഥാപനങ്ങളിലുമാണ് ഇപ്പോൾ വിവാഹം രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ വിവാഹമോചനം രജിസ്റ്റർചെയ്യപ്പെടാത്തതിനാൽ വിവാഹമോചിതർ ഔദ്യോഗിക രേഖകളിൽ വിവാഹിതരായി തന്നെ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. സബ് രജിസ്ട്രാർ ഓഫീസിലും തദ്ദേശസ്ഥാപനങ്ങളിലും ഇത് നടപ്പാക്കാൻ ഉത്തരവുകളും നിയമഭേദഗതിയും വേണം.

വിവാഹം രജിസ്റ്റർചെയ്യുമ്പോൾ സാക്ഷികളാണ് വേണ്ടതെങ്കിൽ വിവാഹമോചനത്തിന് കോടതിവിധിയുടെ വിശദാംശങ്ങളാവും ചേർക്കുക. പരിശോധനയ്ക്കുശേഷം നടപടി മാര്യേജ് രജിസ്ട്രാർക്ക് ഹൈക്കോടതി നൽകിയിരിക്കുന്ന ഉത്തരവ് പരിശോധിക്കുമെന്നും നിയമമന്ത്രി എകെ ബാലൻ അറിയിച്ചു.

Exit mobile version